പഴിചാരൽ വേണ്ട; പരിഹാരം വേണം
Mail This Article
കൊച്ചി∙ തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം ഒഴുകിയെത്താൻ കാരണമെന്തെന്നും എങ്ങനെ നീക്കം ചെയ്യുമെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. റെയിൽവേയും കലക്ടറും തിരുവനന്തപുരം കോർപറേഷനും ആർക്കാണ് ഉത്തരവാദിത്തമെന്നു വ്യക്തമാക്കണം. ഹർജി 26ന് വീണ്ടും പരിഗണിക്കും.
മാലിന്യം നീക്കാനിറങ്ങിയ ജോയി മരിച്ച സംഭവത്തെ തുടർന്നാണു ഡിവിഷൻ ബെഞ്ച് അടിയന്തരമായി വിഷയം പരിഗണിച്ചത്. ബ്രഹ്മപുരത്തു മാലിന്യത്തിനു തീപിടിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് നടപടി. കേസ് പരിഗണിച്ചപ്പോൾ പരസ്പരം കുറ്റപ്പെടുത്തുന്ന നിലപാടാണ് റെയിൽവേയും കോർപറേഷനും സർക്കാരും സ്വീകരിച്ചത്. എന്നാൽ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നു കോടതി പറഞ്ഞു.
തദ്ദേശസ്ഥാപന ശുചീകരണ ജീവനക്കാരോട് മുഖംതിരിച്ച് സർക്കാർ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ മാലിന്യനീക്കം നടത്തുന്ന അയ്യായിരത്തിലേറെ കണ്ടിജന്റ് ജീവനക്കാരെ സ്വന്തം ജീവനക്കാരായി അംഗീകരിക്കാതെ സംസ്ഥാന സർക്കാർ. തദ്ദേശ പൊതുസർവീസ് രൂപീകരിച്ചപ്പോൾ, ഇവരെ ഉൾപ്പെടുത്തണമെന്ന ദീർഘകാല ആവശ്യവും പരിഗണിച്ചില്ല.
പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ എന്നിവയിലായി സ്ഥിര, താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളാണ് പൊതുസ്ഥലങ്ങളിലെ ടൺ കണക്കിന് മാലിന്യം ദിവസേന നീക്കുന്നതും പാതകളും പാതയോരങ്ങളും വൃത്തിയാക്കുന്നതും. താൽക്കാലിക തൊഴിലാളികൾക്ക് തുച്ഛമായ വേതനമാണു ലഭിക്കുന്നത്. അതതു തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം ജീവനക്കാരാണ് ഇവരെന്നാണു സർക്കാർവാദം.