ADVERTISEMENT

ചെറുതോണി ∙ ലോവർപെരിയാർ സ്വിച്ച് യാഡിനു കനത്ത ഭീഷണിയായി വീണ്ടും മണ്ണിടിച്ചിൽ. ശക്തമായ മഴ തുടരുന്നതിനിടെ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സമീപത്തെ മലയുടെ മറ്റൊരു ഭാഗം സ്വിച്ച് യാഡിലേക്ക് ഇടിഞ്ഞുവീണത്. സംരക്ഷണഭിത്തി തകർത്ത് ഏകദേശം 250 ലോഡ് കല്ലും മണ്ണും യാഡിനുള്ളിലേക്കു വീണു. കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണതിന്റെ ഇരട്ടിയിലേറെ വരുമിത്. 

   അപകടത്തിൽ സ്വിച്ച് യാഡിലെ രണ്ട് ഫീഡറുകളും അനുബന്ധ യന്ത്രോപകരണങ്ങളും മണ്ണിനടിയിലായി. ഇടുക്കിയിലേക്ക് വൈദ്യുതി തിരിച്ചു വിടുന്ന രണ്ട് ഫീഡറുകളാണ് തകർന്നത്. ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തകർന്ന ശേഷം പുനഃസ്ഥാപിച്ച ഒരെണ്ണവും ഇക്കൂട്ടത്തിൽ പെടും. ആദ്യ അപകടത്തിൽ മണ്ണിനടിയിലായ ബ്രഹ്മപുരം ഫീഡർ ഇനിയും നന്നാക്കിയിട്ടില്ല. 

    ഇതോടെ ഇടുക്കിയിലേക്കും ബ്രഹ്മപുരത്തേക്കുമുള്ള വൈദ്യുതി മറ്റ് ഫീഡറുകളിലൂടെയാണ് താൽക്കാലികമായി തിരിച്ചുവിടുന്നത്. മണ്ണിടിച്ചിലിൽ ഏകദേശം ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കുന്ന ജോലികൾ നടക്കുന്നുണ്ടെങ്കിലും ശക്തമായ മഴ തടസ്സമാണ്. 

    പണികൾ നിർബാധം മുന്നോട്ടു പോയാൽ പത്ത് ദിവസം കൊണ്ട് ജോലികൾ പൂർത്തിയാക്കാമെന്നു കരുതുന്നതായി അധികൃതർ വ്യക്തമാക്കി.

അതേ സമയം ശക്തമായ മഴ തുടരുന്നതിനിടെ സ്വിച്ച് യാഡിലേക്ക് ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമെന്നു കരുതുന്നു. ഇടുക്കി – നേര്യമംഗലം റോഡിന്റെ അടിവാരത്തുള്ള യാഡിലേക്ക് മണ്ണിടിച്ചിൽ തുടർന്നാൽ റോഡും അപകടത്തിലാകുമെന്ന് അധികൃതർ ഭയക്കുന്നു. 

ചിന്നാറിന് സമീപം ഉരുൾപൊട്ടൽ

അടിമാലി ∙ കനത്ത മഴയിൽ കൊന്നത്തടി പഞ്ചായത്തിലെ ചിന്നാറിനു സമീപം ഉരുൾപൊട്ടൽ. 2 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. 

വേരൻപ്ലാക്കൽ സിംല, ഇളംകുളത്തിൽ ഗിരിജ, പൊട്ടയ്ക്കൽ ബൈജു, പൂങ്കുടിയിൽ ജിജി തോമസ് എന്നിവരുടെ കൃഷി നശിച്ചിട്ടുണ്ട്. 

ചിന്നാർ നിരപ്പിനു സമീപം റോഡിന്റെ ഫില്ലിങ് സൈഡിൽ നിന്ന് വൻ തോതിൽ മണ്ണിടിയുകയായിരുന്നു. ഇതെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിട്ടുണ്ട്.

English Summary:

Landslide in Lowerperiyar switch yard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com