സപ്ലൈകോയ്ക്ക് 100 കോടി മാത്രം; അതൃപ്തി പരസ്യമാക്കി മന്ത്രി
Mail This Article
ന്യൂഡൽഹി ∙ സപ്ലൈകോയ്ക്ക് സംസ്ഥാന ധനവകുപ്പ് അനുവദിച്ച 100 കോടി രൂപ അപര്യാപ്തമെന്ന് ഭക്ഷ്യ– പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം അതൃപ്തി പരസ്യമാക്കിയത്. അടിയന്തരമായി 500 കോടി രൂപയെങ്കിലും വേണമെന്നാണ് ആവശ്യപ്പെട്ടത്. ഫണ്ട് അനുവദിച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി ചർച്ച നടത്തി കൂടുതൽ തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കും– മന്ത്രി പറഞ്ഞു.
സപ്ലൈകോയ്ക്കു സാധനങ്ങൾ നൽകിയ വിതരണക്കാർക്കു മാത്രം 600 കോടിയിലേറെ രൂപ കുടിശികയാണ്. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓഫറും വിലക്കിഴിവും ഉൾപ്പെടെ വിവിധ പാക്കേജുകൾ സപ്ലൈകോ വിൽപനശാലകളിൽ നടക്കുന്നുണ്ട്. എന്നാൽ, 13 ഇന സബ്സിഡി സാധനങ്ങളിൽ പകുതി പോലും പല വിൽപനശാലകളിലും ഇല്ല. ഈ സാഹചര്യത്തിലാണ് അടിയന്തര സഹായം തേടിയത്. നിത്യോപയോഗ സാധനങ്ങൾ 35% വരെ വില കുറച്ച് വിതരണം ചെയ്യുന്നതിനാണ് സഹായം എന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചിരുന്നു.