മസാലബോണ്ട് അന്വേഷണം: ഇ.ഡിയുടെ കടന്നുകയറ്റം റിസർവ് ബാങ്കിന്റെ അധികാരത്തിലെന്ന് കിഫ്ബി
Mail This Article
കൊച്ചി ∙ മസാല ബോണ്ട് വിഷയത്തിൽ മൂന്നു വർഷമായി രേഖകൾ ഇ.ഡി പരിശോധിക്കുകയാണെന്നും എന്നാൽ നിയമാധികാരമില്ലാതെയാണു സമൻസ് അയയ്ക്കുന്നതെന്നും കിഫ്ബി ഹൈക്കോടതിയിൽ അറിയിച്ചു. ഇ.ഡി സമൻസുകൾ ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അധികാരത്തിലാണ് ഇ.ഡി കടന്നുകയറുന്നതെന്നു കിഫ്ബി ചൂണ്ടിക്കാട്ടി. കിഫ്ബി മാസം തോറും അയയ്ക്കുന്ന രേഖകളും വിശദാംശങ്ങളും പരിശോധിച്ചു ലംഘനമുണ്ടെങ്കിൽ അന്വേഷണം നടത്താൻ ആർബിഐയ്ക്കു മാത്രമാണ് അധികാരം. ആർബിഐയുടെ നിർദേശപ്രകാരം അവരുടെ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തേണ്ടത്.
നാല് തവണ കിഫ്ബി ഉദ്യോഗസ്ഥർ ഇ.ഡിക്കു മൊഴി നൽകി. ഇ.ഡി നിയമവിരുദ്ധമായി തുടരെ സമൻസുകൾ അയയ്ക്കുകണെന്നും കിഫ്ബിക്കുവേണ്ടി സുപ്രീം കോടതി അഭിഭാഷകൻ അരവിന്ദ് ദത്താർ വാദിച്ചു. ഇ.ഡിയുടെ മറുപടിക്കായി ജസ്റ്റിസ് ടി.ആർ.രവി ഹർജി 24 ന് പരിഗണിക്കാൻ മാറ്റി.