ADVERTISEMENT

പാലക്കാട് ∙ മംഗളൂരുവിനെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നു വേർപെടുത്തുന്നതു ചർച്ചയായിരിക്കേ ദക്ഷിണ കന്നഡ ജില്ല മൊത്തം ഒരു സേ‍ാണിന്റെ കീഴിലാക്കുന്നതും പരിശേ‍ാധിക്കുന്നു. മംഗളൂരുവിൽ റെയിൽവേ സഹമന്ത്രി വി.സേ‍ാമണ്ണയുടെ സാന്നിധ്യത്തിൽ നടന്ന ഉന്നത ഉദ്യേ‍ാഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യേ‍ാഗത്തിൽ തന്നെയാണ് ഈ നിർദേശവും ഉയർന്നത്. 

മന്ത്രിതലയേ‍ാഗത്തിൽ ഉയർന്ന നിർദേശങ്ങളും പരാതികളും ചർച്ചചെയ്യാൻ മൈസൂരു, പാലക്കാട് ഡിവിഷനുകളുടെ അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർമാരും കെ‍ാങ്കൺ റെയിൽവേ റീജനൽ മാനേജരും ഇന്ന് ഉച്ചകഴിഞ്ഞു മംഗളൂരുവിൽ യോഗം ചേരുന്നുണ്ട്.

   മേഖലയിൽ പെട്ടെന്നു ചെയ്യേണ്ട പ്രവൃത്തികളും നിർമാണം നടക്കുന്നവയുടെ പുരേ‍ാഗതിയും ചർച്ചചെയ്യാനാണു യേ‍ാഗമെന്നാണ് അധികൃതർ പറയുന്നതെങ്കിലും ഡിവിഷൻ സംബന്ധിച്ച ചർച്ചയും ഉയരാനാണു സാധ്യത. 

ദക്ഷിണ കന്നഡ ജില്ലയിൽ മംഗളൂരു സെൻട്രൽ, മംഗളൂരു ജംക്‌ഷൻ ഉൾപ്പെടെ മെ‍ാത്തം 12 സ്റ്റേഷനുകളുണ്ട്. ദക്ഷിണ പശ്ചിമ റെയിൽവേ, ദക്ഷിണ റെയിൽവേ എന്നീ സോണുകളുടെയും കെ‍ാങ്കൺ കേ‍ാർപറേഷന്റെയും കീഴിൽ ചിതറിക്കിടക്കുന്നതിനാൽ വികസനവും ഏകേ‍ാപനവുമില്ലെന്നാണു ജനപ്രതിനിധികളുടെ നിലപാട്. കൂടുതൽ പ്രദേശവും ദക്ഷിണ റെയിൽവേയ്ക്കു കീഴിലാണെങ്കിലും ദക്ഷിണ പശ്ചിമ സേ‍ാണിനേ‍ാടാണു കൂടുതൽ താൽപര്യം. ദക്ഷിണ കന്നഡയിലെ ബിജെപി എംപി ക്യാപ്റ്റൻ ബ്രിജേ‍ഷ് ചൗട്ടയാണു യേ‍ാഗത്തിൽ മംഗളൂരു ഡിവിഷൻ, അല്ലെങ്കിൽ ജില്ല ഒരു സേ‍ാണിനു കീഴിൽ എന്ന ആവശ്യം ആദ്യം ഉന്നയിച്ചത്. 

2007ൽ പാലക്കാട് ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ രൂപീകരിച്ചതിനു പിന്നാലെ മംഗളൂരുവിനു വേണ്ടിയും ആവശ്യം ഉയർന്നിരുന്നു.

മംഗളൂരു പോയാൽ കേരളത്തിന് വേണ്ടതു കുമ്പള

തിരുവനന്തപുരം ∙ മംഗളൂരു മേഖലയിൽ ദക്ഷിണ റെയിൽവേ ഇപ്പോൾ നടപ്പാക്കുന്നതു 409 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്. ഇതിൽ 250 കോടി രൂപയുടെ മംഗളൂരു സെൻട്രൽ സ്റ്റേഷൻ നവീകരണവും ഉൾപ്പെടുന്നു. മേഖലയിൽ 2014 മുതൽ ഇതുവരെ പാതയിരട്ടിപ്പിക്കൽ അടക്കം വിവിധ പദ്ധതികൾക്കായി 400 കോടി രൂപ ദക്ഷിണ റെയിൽവേ ചെലവാക്കിയിട്ടുണ്ട്.മംഗളൂരുവിനെ ദക്ഷിണ പശ്ചിമ റെയിൽവേ സോണിൽ ചേർക്കുന്ന സാഹചര്യമുണ്ടായാൽ, പകരം കാസർകോട് ജില്ലയിലെ കുമ്പളയിൽ പുതിയ ടെർമിനൽ നേടിയെടുക്കാൻ േകരളം ശ്രമിക്കണമെന്ന് ആവശ്യമുയരുന്നു. കുമ്പളയിൽ ഇപ്പോൾ ലഭ്യമായ 26 ഏക്കറിനു പുറമേ കൂടുതൽ ഭൂമിയേറ്റെടുത്ത് 5 പ്ലാറ്റ്ഫോമുകളും 5 പിറ്റ്‌ലൈനുകളും 10 സ്റ്റേബിളിങ് ലൈനുകളുമടങ്ങുന്ന വലിയ ടെർമിനൽ പദ്ധതിക്കായി കേരളം ശ്രമിച്ചില്ലെങ്കിൽ മലബാർ ഭാഗത്തേക്കു പുതിയ ട്രെയിനുകളോടിക്കാൻ ഭാവിയിൽ വഴിയില്ലാതാകും. മംഗളൂരുവിനെ വിഭജിച്ചാൽ നിലവിൽ കേരളത്തിലേക്കുള്ള സർവീസുകളെ ബാധിക്കില്ലെങ്കിലും ഭാവിയിൽ ടെർമിനലിൽ പൂർണമായും കർണാടകയ്ക്കു താൽപര്യമുള്ള സർവീസുകളായിരിക്കും നടക്കുക.

English Summary:

Single railway zone under consideration for Dakshina Kannada district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com