ADVERTISEMENT

മലപ്പുറം/കോഴിക്കോട് ∙ കേരളത്തിൽ വീണ്ടും നിപ്പ. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനു രോഗം സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് സ്ഥിരീകരണമായത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലാണ് കുട്ടി. 

സമ്പർക്കപ്പട്ടികയിലുള്ള 214 പേരെ നിരീക്ഷണത്തിലാക്കി. ഹൈറിസ്ക് വിഭാഗത്തിലായതിനാൽ ഇതിൽ 60 പേരുടെ സാംപിളുകൾ പരിശോധിക്കും. സമ്പർക്കം സംശയിക്കുന്ന ഒരു കുട്ടിയെ ഇന്നലെ വൈകിട്ടോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. നിപ്പ സ്ഥിരീകരിച്ച കുട്ടിക്ക് 10ന് ആണ് പനി ബാധിച്ചത്. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയതോടെ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ റീജനൽ വൈറസ് റിസർച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലും (വിആർഡിഎൽ), തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലും പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലും സ്രവം പരിശോധിച്ചു. 

കേരളത്തിൽ അഞ്ചാം തവണ 

അഞ്ചാം തവണയാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യുന്നത്. 2018 ലും 2021 ലും 2023 ലും കോഴിക്കോട്ടും 2019 ൽ എറണാകുളത്തും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 20 പേരാണു നിപ്പ ബാധിച്ചു മരിച്ചത്. നിപ്പ സംശയിച്ച സാഹചര്യത്തിൽ ഇന്നലെ പുലർച്ചെ തന്നെ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടിരുന്നു. മന്ത്രി വീണാ ജോർജ് വൈകിട്ടോടെ മലപ്പുറത്തെത്തി ഏകോപനത്തിനു നേതൃത്വം നൽകി.

English Summary:

Niphah virus again in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com