ADVERTISEMENT

തിരുവനന്തപുരം ∙ മലപ്പുറത്തു കുട്ടിയുടെ മരണത്തിനു കാരണമായ നിപ്പ വൈറസും ബംഗ്ലദേശ് വകഭേദമാണെന്ന് ഏതാണ്ടുറപ്പിച്ചു. ഈ വൈറസ് വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ചതായി കണ്ടെത്തിയിട്ടില്ല. തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞവർഷം കോഴിക്കോട്ടു കണ്ടെത്തിയ വൈറസുമായാണ് താരതമ്യം ചെയ്തത്. അന്തിമ കണ്ടെത്തലിന് ഇനിയും സമയമെടുക്കും. മുൻവർഷങ്ങളിലുണ്ടായ നിപ്പ ബാധയിലും ബംഗ്ലദേശ് വകഭേദമാണു കണ്ടെത്തിയത്.

നിപ്പയ്ക്കു മലേഷ്യ, ബംഗ്ലദേശ് വകഭേദങ്ങളാണുള്ളത്. ബംഗ്ലദേശ് വകഭേദത്തിലാണു മരണനിരക്കു കൂടുതൽ– 67% വരെ. 2001 ൽ ബംഗ്ലദേശിൽ നിപ്പ വ്യാപിച്ചു. വവ്വാലിന്റെ വിസർജ്യം കലർന്ന പനങ്കള്ളു കുടിച്ചവർക്കാണ് വൈറസ് ബാധിച്ചതെന്നു സ്ഥിരീകരിച്ചിരുന്നു. ഇവിടെയാണ് ആദ്യമായി മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു വൈറസ് പടർന്നത്.

 2006 ൽ ബംഗാളിലെ സിലിഗുരിയിലും ഇതേ വകഭേദം കണ്ടെത്തി. 2001 മുതൽ അവിടെ വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇക്കാലയളവിൽ 66 പേർക്കു രോഗം ബാധിച്ചതിൽ 45 പേർ മരിച്ചു. ബംഗ്ലദേശിൽ ഈ വർഷം നിപ്പ ബാധിച്ചു 2 പേർ മരിച്ചു. 2001 മുതൽ അവിടെ 341 പേർക്കു രോഗം ബാധിച്ചു. ഇതിൽ 242 പേരാണ് മരിച്ചത്.

83 രോഗങ്ങൾ സ്ഥിരീകരിക്കാൻ തോന്നയ്ക്കലിൽ സംവിധാനം 

തിരുവനന്തപുരം∙ നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ സാംപിൾ പരിശോധിച്ച തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി രോഗം സ്ഥിരീകരിച്ചു റിപ്പോർട്ട് നൽകിയിരുന്നു. കോഴിക്കോട് ലാബിലെ ഫലം സ്ഥിരീകരിക്കുന്നതിനാണ് ഇവിടെയും പുണെയിലെ ലാബിലും പരിശോധിച്ചത്.

നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളവരുടെയും സാംപിളുകൾ തോന്നയ്ക്കലിലേക്ക് അയയ്ക്കുന്നുണ്ട്. എത്ര സാംപിളുകൾ വന്നാലും പരിശോധിക്കാൻ സൗകര്യമുണ്ടെന്നു ഡയറക്ടർ ഡോ.ഇ.ശ്രീകുമാർ പറ‍ഞ്ഞു. 

നിപ്പയുൾപ്പെടെ 83 രോഗങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനം ഇവിടെയുണ്ട്. വൈറസുകളെ കണ്ടെത്തുന്നതിനുള്ള മോളിക്യുലർ ഡയഗ്നോസ്റ്റിക് സംവിധാനമാണുള്ളത്. 8 വിഭാഗങ്ങളിൽ പഠനവും നടത്തുന്നു. 6 ലാബുകളിൽ ഗവേഷണങ്ങൾ നടക്കുന്നു. 

English Summary:

Bangladesh variant virus found in Nipah death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com