‘ഗംഗാവലിപ്പുഴയിൽ ഉഗ്രസ്ഫോടനവും ഭൂമികുലുക്കവും; കുന്നിടിഞ്ഞപ്പോൾ സുനാമി പോലെ വെള്ളം ഇരച്ചുകയറി’
Mail This Article
കാർവാർ (കർണാടക) ∙ ഷിരൂരിൽ മണ്ണിടിഞ്ഞ് ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കാണാതായ ദിവസം ഈ സ്ഥലത്തോടു ചേർന്ന് ഗംഗാവലിപ്പുഴയിൽ ഉഗ്രസ്ഫോടനവും ഭൂമികുലുക്കവും ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞു. അരക്കിലോമീറ്ററോളം വീതിയുള്ള പുഴയുടെ മറുകര മാടങ്കേരി ഉൾവരെ എന്ന ഗ്രാമമാണ്. മത്സ്യത്തൊഴിലാളികളും ഗോത്രവിഭാഗക്കാരുമാണ് ഇവിടെ കൂടുതലുള്ളത്. 6 വീടുകൾ സ്ഫോടനത്തിൽ തകർന്നു. 9 പേരെ കാണാതായി. ഇതിൽ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. പരുക്കേറ്റ 7 പേർ ആശുപത്രിയിലാണ്. വീടുകളിലെ പാത്രങ്ങളും ഉപകരണങ്ങളും തകർന്നു.
ദേശീയപാതയിൽനിന്നു പുഴയിലേക്കുവീണ 2 പാചകവാതക ടാങ്കർലോറികളിൽ ഒന്നു മാത്രമാണ് 7 കിലോമീറ്റർ അകലെനിന്നു കണ്ടെത്തിയത്. രണ്ടാമത്തെ ലോറിയുടെ ഡ്രൈവറുടെ മൃതദേഹം കിട്ടിയെങ്കിലും ലോറിയെക്കുറിച്ചു വിവരമില്ല. ലോറിയിലെ പാചകവാതക ടാങ്കർ പൊട്ടിത്തെറിച്ചതാകും സ്ഫോടനത്തിനും വെള്ളം ഉയരാനും കാരണമെന്നാണു കരുതുന്നത്.
കുന്നിടിഞ്ഞു നദിയിലേക്കു വീണപ്പോൾ സൂനാമി പോലെ വെള്ളം മുകളിലേക്ക് ഇരച്ചുകയറി. ഈ സമയത്ത് ഉഗ്രസ്ഫോടനവും ഉണ്ടായെന്നാണു നാട്ടുകാർ പറയുന്നത്. പുഴയിലെ വെള്ളത്തിനു പൊള്ളുന്ന ചൂട് അനുഭവപ്പെട്ടെന്നു ദൃക്സാക്ഷിയായ തമ്മു വെങ്കട പറഞ്ഞു. അതേസമയം, തീ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
ഞങ്ങളുടെ പ്രതീക്ഷകളിൽ മണ്ണിട്ടു: അർജുന്റെ അമ്മ
കോഴിക്കോട് ∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടി ഏഴാം ദിവസം നടത്തിയ തിരച്ചിലിലും അതൃപ്തിയറിയിച്ചു കണ്ണാടിക്കൽ അർജുന്റെ കുടുംബം. ‘വലിയ പ്രതീക്ഷയിലായിരുന്നു ഞങ്ങൾ സൈന്യത്തെ കാത്തിരുന്നത്. എന്നാൽ ഉപകരണങ്ങളില്ലാതെയാണു സൈന്യം എത്തിയത്. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ. അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമം’– അർജുന്റെ അമ്മ ഷീല പറഞ്ഞു. മകന് എന്തെങ്കിലും സംഭവിച്ചു എന്നറിഞ്ഞാൽ ഉൾക്കൊള്ളും. മകനെ ജീവനോടെ കിട്ടുമെന്ന് ഇനി പ്രതീക്ഷയില്ല. പട്ടാളത്തെ അഭിമാനമായാണു കണ്ടിരുന്നത്. അതിപ്പോൾ തെറ്റിയെന്നും ഷീല പറഞ്ഞു.
അർജുൻ: കർണാടക ഹൈക്കോടതിയിൽ ഹർജി
ന്യൂഡൽഹി/ ബെംഗളൂരു ∙ അർജുനെ കണ്ടെത്തുന്നതിന് അടിയന്തര ഇടപെടൽ തേടി കർണാടക ഹൈക്കോടതിയിൽ ഹർജി. സുപ്രീം കോടതിയിൽ ഹർജി എത്തിയിരുന്നെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു. അഭിഭാഷകനായ കെ.ആർ. സുഭാഷ് ചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. അർജുനെ കണ്ടെത്തുന്ന കാര്യത്തിൽ കർണാടക സർക്കാർ നിസ്സംഗത കാട്ടിയെന്നും ഹർജിയിലുണ്ട്.