ADVERTISEMENT

കൊച്ചി∙ റാന്നിയിൽ അമ്മയുടെ കൺമുന്നിൽ  2 കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ കുട്ടികളുടെ പിതൃസഹോദരൻ കീക്കൊഴൂർ മാടത്തേത്ത് വീട്ടിൽ തോമസ് ചാക്കോയുടെ (ഷിബു) വധശിക്ഷ ഹൈക്കോടതി ഇളവു ചെയ്തു. പകരം 30 വർഷം ഇളവില്ലാതെ കഠിനതടവ് അനുഭവിക്കണം. വധശിക്ഷ നൽകാൻ തക്കവിധം ‘അപൂർവങ്ങളിൽ അപൂർവ’ കേസ് അല്ലെന്നു കോടതി വിലയിരുത്തി. പിതൃസഹോദരൻ എന്ന നിലയിലുള്ള വിശ്വാസം തകർത്ത്, കുട്ടികളെ ഇല്ലായ്മ ചെയ്ത ക്രൂരതയ്ക്കു പ്രതി കഠിന ശിക്ഷ അർഹിക്കുന്നതായി കോടതി വ്യക്തമാക്കി. 

സ്വത്ത് തർക്കത്തെ തുടർന്ന് ഇളയ സഹോദരൻ മാത്യു ചാക്കോയുടെ മക്കളായ മെബിൻ (3) മെൽബിൻ (7) എന്നിവരെ 2013 ഒക്ടോബർ 27നു കുത്തി കൊലപ്പെടുത്തിയെന്നാണു കേസ്. പത്തനംതിട്ട അഡീ. സെഷൻസ് കോടതിയുടെ 2019 ഫെബ്രുവരി 15ലെ വധശിക്ഷാ വിധിക്കെതിരെ പ്രതി നൽകിയ അപ്പീലും വധശിക്ഷാ റഫറൻസും പരിഗണിച്ചാണു ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. കരുതിക്കൂട്ടി ചെയ്തതല്ലെന്നും പ്രതിയുടെ മനോനില തകരാറിലായിരുന്നു എന്നുമാണു പ്രതിഭാഗം വാദം. 

കൊലക്കുറ്റത്തിനു തടവു ശിക്ഷ കൂടാതെ 5 ലക്ഷം രൂപയുടെ പിഴ തുക കുട്ടികളുടെ അമ്മ ബിന്ദുവിനു നൽകണം. പ്രതി ഇനിയും തുക നൽകുന്നില്ലെങ്കിൽ വിക്ടിം കോംപൻസേഷൻ സ്കീം പ്രകാരം ലീഗൽ സർവീസസ് അതോറിറ്റി തുക വിതരണത്തിനു നടപടിയെടുക്കണം. ഇതിനു പുറമേ, കുട്ടികളുടെ അമ്മയെ ഉപദ്രവിച്ചതിന് 3 വർഷവും വീടിന് തീ വച്ചതിന് 10 വർഷവും കൊല നടത്താൻ വീട്ടിൽ അതിക്രമിച്ച് കയറിയതിനു 10 വർഷവും കഠിനതടവു ശിക്ഷ വിധിച്ച വിചാരണക്കോടതി നടപടികളും ഹൈക്കോടതി ശരിവച്ചു. 

 വധശിക്ഷ ഒഴിവാക്കിയത് അനുകൂല റിപ്പോർട്ടുകൾ

കൊച്ചി∙ റാന്നി ഇരട്ടക്കൊല കേസിൽ പ്രതി തോമസ് ചാക്കോയുടെ (ഷിബു) തൂക്കുകയർ ഒഴിവായത് ഹൈക്കോടതിക്കു മുന്നിലെത്തിയ അനുകൂല റിപ്പോർട്ടുകളുടെ ബലത്തിൽ. ഡൽഹി നാഷനൽ ലോ യൂണിവേഴ്സിറ്റിയിലെ പ്രോജക്ട് 39 എ നടത്തിയ മിറ്റിഗേഷൻ അന്വേഷണ റിപ്പോർട്ട് കൂടാതെ, വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെയും സൈക്യാട്രിസ്റ്റിന്റെയും പത്തനംതിട്ട ജില്ലാ പ്രൊബേഷൻ ഓഫിസറുടെയും റിപ്പോർട്ടുകൾ കോടതി പരിഗണിച്ചു. 

സമൂഹവുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ സാധ്യതയുണ്ടെന്നും പരിവർത്തനത്തിന് അവസരം നൽകണമെന്നുമായിരുന്നു മിറ്റിഗേഷൻ അന്വേഷണ റിപ്പോർട്ട്. പ്രതിയുടെ 11 വർഷത്തെ തടവിനിടെ, മാറ്റങ്ങളോടു പൊരുത്തപ്പെടാനുള്ള ശേഷി പ്രകടമായി. ബാല്യത്തിൽ നേരിട്ട കഷ്ടപ്പാടുകളും അവഗണനയും പഠനത്തിന് അവസരമില്ലാതിരുന്നതും നേരത്തേ തൊഴിലെടുക്കേണ്ടി വന്നതും സ്വഭാവ രൂപീകരണത്തിൽ നിർണായകമാണ്. ക്രിമിനൽ പശ്ചാത്തലമില്ല. 

വധശിക്ഷ ഒഴിവാക്കണമെന്ന് അമ്മയും സഹോദരിയും ആവശ്യപ്പെട്ടുവെന്ന് ജില്ലാ പ്രൊബേഷൻ ഓഫിസറുടെ റിപ്പോർട്ടിലുണ്ട്. ഭാര്യയും മക്കളും മുംബൈയിലേക്കു താമസം മാറിയതിനാൽ കാണാനായില്ല. അതേസമയം, കൊല്ലപ്പെട്ട കുട്ടികളുടെ പിതാവായ, പ്രതിയുടെ സഹോദരൻ പരമാവധി ശിക്ഷ നൽകണമെന്നു പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

English Summary:

Man who killed children in front of mother gets 30 years imprisonment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com