നിധിയുടെ മറവിൽ 4 ലക്ഷം തട്ടിയ അതിഥിത്തൊഴിലാളികൾ അറസ്റ്റിൽ
Mail This Article
ചാലക്കുടി (തൃശൂർ) ∙ കെട്ടിടം പൊളിക്കുന്നതിനിടെ നിധിയായി ലഭിച്ച സ്വർണം വിലക്കുറവിൽ നൽകാമെന്നു വിശ്വസിപ്പിച്ചു നാദാപുരം സ്വദേശികളുടെ 4 ലക്ഷം രൂപ റെയിൽവേ സ്റ്റേഷനിൽ വച്ചു തട്ടിയെടുത്ത 4 ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. കോഴിക്കോട് നാദാപുരം സ്വദേശികളായ ലെനീഷ്, രാജേഷ് എന്നിവരാണ് തട്ടിപ്പിന് ഇരകളായത്.
അസം സ്വദേശികളായ മുഹമ്മദ് സിറാജുൽ ഇസ്‌ലാം (26), അബ്ദുൽ കലാം (26), ഗുൽജാർ ഹുസൈൻ (27), മുഹമ്മദ് മുസ്മിൽ ഹഖ് (24) എന്നിവരെയാണു ഡിവൈഎസ്പി കെ.സുമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതിൽ അബ്ദുൽ കലാമിനു ട്രെയിൻ തട്ടി പരുക്കേറ്റിരുന്നു.
മുഹമ്മദ് സിറാജുൽ ഇസ്‌ലാമാണു തട്ടിപ്പിന്റെ ആസൂത്രകനെന്നു പൊലീസ് അറിയിച്ചു. നാദാപുരത്തു രണ്ടര വർഷമായി മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഇയാൾ അവിടെ ലോറി ഡ്രൈവറായ ലെനീഷിനോടാണ് 4 ലക്ഷം രൂപ നൽകിയാൽ 7 ലക്ഷം രൂപയുടെ സ്വർണം നൽകാമെന്നു പറഞ്ഞത്. ഇതിനായി തൃശൂരിലേക്ക് മുഹമ്മദിനൊപ്പം എത്തിയ ലെനീഷ് സുഹൃത്തായ സ്വർണപ്പണിക്കാരൻ രാജേഷിനെയും ഒപ്പംകൂട്ടി. തൃശൂരിലെത്തിയപ്പോൾ ചാലക്കുടി റെയിൽവേ സ്റ്റേഷനാണു സുരക്ഷിതമെന്നു പറഞ്ഞ് അവിടേക്കു കൊണ്ടുപോയി. നാലു ലക്ഷം രൂപ കൈമാറിക്കഴിഞ്ഞപ്പോൾ നൽകിയ ലോഹം രാജേഷ് കട്ടർ ഉപയോഗിച്ചു മുറിച്ചു നോക്കിയപ്പോഴാണു മുക്കുപണ്ടമാണെന്നു സംശയം തോന്നിയത്. ഇതിനിടെ ഇതരസംസ്ഥാനക്കാർ നാലു പേരും പണവുമായി ട്രാക്കിലൂടെ ഓടി രക്ഷപ്പെട്ടു. ഇതോടെ ലെനീഷും രാജേഷും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ആദ്യം നിധിയുടെ കഥ മറച്ചു വച്ചു കാർ വാങ്ങാനാണു പണം നൽകിയതെന്നു പറഞ്ഞെങ്കിലും ഒടുവിൽ പൊലീസിനോടു സ്വർണമിടപാടിന്റെ വിവരങ്ങൾ പറഞ്ഞു.
സാഹസിക രക്ഷപ്പെടൽ
ഒരു കിലോമീറ്ററിൽ താഴെ ദൂരം ഓടി പുഴയ്ക്കു കുറുകെയുള്ള റെയിൽവേ പാലത്തിലൂടെ പോകുന്നതിനിടെ ട്രെയിൻ വന്നപ്പോൾ അബ്ദുൽ കലാം ഒഴികെയുള്ളവർ പുഴയിലേക്കു ചാടി. അബ്ദുൽ കലാമിനു ട്രെയിൻ തട്ടി പരുക്കേറ്റു. ഓട്ടോറിക്ഷകൾ മാറിക്കയറി പെരുമ്പാവൂരിലെത്തി അബ്ദുൽ കലാമിനെ ആശുപത്രിയിലാക്കി മറ്റു മൂന്നു പേരും മുങ്ങി.
ഇതര സംസ്ഥാനക്കാരുടെ താവളങ്ങളിൽ ഒളിവിൽ കഴിഞ്ഞ മൂന്നു പേരെയും പൊലീസ്കസ്റ്റഡിയിലെടുക്കുകയും ആശുപത്രിയിലുള്ളയാൾക്കു കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ഡിസ്ചാർജ് ചെയ്തതോടെ ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിയെടുത്ത നാലു ലക്ഷം രൂപയിൽ 70,000 രൂപയേ കണ്ടെടുക്കാനായിട്ടുള്ളൂ.