പാലം ഒന്ന്, ഒരു കലാപം!; കല്ലിടീൽ ഒരിടത്ത് എം.വി. ഗോവിന്ദൻ, മറുകരയിൽ സജീവ് ജോസഫ്
Mail This Article
ശ്രീകണ്ഠപുരം (കണ്ണൂർ) ∙ ഒരു പാലത്തിന് ഒരേസമയം പുഴയുടെ ഇരുകരകളിലായി രണ്ട് എംഎൽഎമാരുടെ നേതൃത്വത്തിൽ വെവ്വേറെ തറക്കല്ലിടൽ.
ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അഡൂർക്കടവ് പാലത്തിന് 29ന് രാവിലെ 10ന് തളിപ്പറമ്പ് മണ്ഡലത്തിലെ അഡൂരിൽ സ്ഥലം എംഎൽഎയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദൻ തറക്കല്ലിടുമ്പോൾ മറുകരയിൽ ഇരിക്കൂർ മണ്ഡലത്തിലെ ചെങ്ങളായിയിൽ സ്ഥലം എംഎൽഎയും യുഡിഎഫ് നേതാവുമായ സജീവ് ജോസഫും തറക്കല്ലിടും. സർക്കാർ സംഘടിപ്പിക്കുന്ന ചടങ്ങിൽ സജീവ് ജോസഫിനു വേണ്ട പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് സമാന്തര തറക്കല്ലിടൽ സംഘടിപ്പിക്കുന്നത്.
കെ.സി.ജോസഫ് ഇരിക്കൂർ എംഎൽഎ ആയിരുന്ന കാലത്താണ് പാലത്തിനുള്ള ശ്രമം തുടങ്ങിയത്. കഴിഞ്ഞ സർക്കാരാണ് അനുമതി നൽകിയത്. അഡൂരിൽ ഉദ്ഘാടനം തീരുമാനിച്ചത് ശരിയായില്ലെന്നും പാലത്തിന്റെ തുടക്കം തളിപ്പറമ്പ് –ഇരിട്ടി സംസ്ഥാനപാതയിൽ നിന്നായതുകൊണ്ട് ചെങ്ങളായിയിൽതന്നെ വേണമെന്നുമാണ് യുഡിഎഫ് നിലപാട്.
പരിപാടിയുടെ ബ്രോഷറിൽ എം.വി.ഗോവിന്ദൻ എംഎൽഎ ഉദ്ഘാടകനും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് അധ്യക്ഷനുമാണ്. പഞ്ചായത്ത് പ്രസിഡന്റിനൊപ്പം മുഖ്യാതിഥിയുടെ സ്ഥാനത്താണ് സജീവ് ജോസഫിന്റെ പേരുള്ളത്.
ഈ തീരുമാനത്തിനെതിരെ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പ്രതിഷേധം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് സജീവ് ജോസഫ് പറയുന്നു. തുടർന്നാണ് സമാന്തര ചടങ്ങിന് യുഡിഎഫ് തീരുമാനിച്ചത്. സംഭവം വിവാദമായപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി സജീവ് ജോസഫ് എംഎൽഎയെ അധ്യക്ഷനാക്കി പുതിയ ബ്രോഷർ പുറത്തിറക്കിയിട്ടുണ്ട്.