സിനിമ മേഖലയിൽ വനിതകളുടെ ദുരനുഭവം; 5 വർഷത്തിന് ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും
Mail This Article
തിരുവനന്തപുരം ∙ ചലച്ചിത്ര മേഖലയിൽ വനിതകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ 5 വർഷത്തിനു ശേഷം ഇന്നു സർക്കാർ പുറത്തുവിടും. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നവയുമായ ഭാഗങ്ങൾ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കുക. റിപ്പോർട്ട് ആവശ്യപ്പെട്ട് കമ്മിഷന് അപ്പീലും പരാതിയും നൽകിയ 5 പേർക്ക് 233 പേജുകൾ ഉൾപ്പെടുന്ന ഭാഗം ഇന്ന് 4 മണിയോടെ കൈമാറും.
ഏതൊക്കെ ഭാഗങ്ങൾ നൽകുമെന്നും ഏതൊക്കെ ഒഴിവാക്കുമെന്നും വ്യക്തമാക്കി അപേക്ഷകർക്ക് നോട്ടിസ് നൽകാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ.ഹക്കീം നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കുന്നതായി റിപ്പോർട്ട് ആവശ്യപ്പെട്ട 5 പേരെയും സാംസ്കാരിക വകുപ്പിലെ വിവരാവകാശ ഓഫിസർ അറിയിച്ചു. തുടർന്ന് 5 പേരും റിപ്പോർട്ടിന്റെ പകർപ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയിൽ അടച്ചിട്ടുണ്ട്.