ബിരുദം ജയിച്ച വിദ്യാർഥികൾക്ക് വീണ്ടും എംജിയുടെ ‘പുനഃപരീക്ഷ’
Mail This Article
കൊച്ചി∙ അവസാന വർഷ ബിരുദ പരീക്ഷയെഴുതി ജയിച്ചു പ്രൊവിഷനൽ സർട്ടിഫിക്കറ്റ് കയ്യിലെത്തിയ ശേഷം എംജി യൂണിവേഴ്സിറ്റി ബിരുദ വിദ്യാർഥികൾക്കു നാളെ ഓർഗാനിക് ഫാമിങ് ഓൺലൈൻ പുനഃപരീക്ഷ. പല വിദ്യാർഥികളും ഇതിനകം പിജി കോഴ്സുകൾക്കു വിവിധ യൂണിവഴ്സിറ്റികളിലായി ചേർന്നു കഴിഞ്ഞപ്പോഴാണു പരീക്ഷ വരുന്നത്. മാസീവ് ഓൺലൈൻ ഓപ്പൺ കോഴ്സിന്റെ (മൂക്) ഭാഗമായ ഓർഗാനിക് ഫാമിങ് പരീക്ഷ പല കാരണങ്ങളാൽ നിശ്ചിത സമയത്തു പൂർത്തിയാക്കാൻ സർവകലാശാലയ്ക്കു സാധിച്ചിരുന്നില്ല.
ബിരുദ മാർക്ക് ലിസ്റ്റിലോ സർട്ടിഫിക്കറ്റിലോ പരാമർശിക്കപ്പെടാത്ത കോഴ്സിന്റെ പരീക്ഷയാണു വിദ്യാർഥികൾക്കായി കോഴ്സ് കഴിഞ്ഞശേഷം സർവകലാശാല നടത്തുന്നത്. ഓർഗാനിക് ഫാമിങ് കോഴ്സ് നിർബന്ധമായും ബിരുദ പഠനത്തിനൊപ്പം ചെയ്യേണ്ടതായതിനാൽ പരീക്ഷ നിർബന്ധമാണുതാനും.
കഴിഞ്ഞ വർഷം ബിരുദപഠനം പൂർത്തിയാക്കിയ ബാച്ചിനു രണ്ടാം വർഷത്തിൽ തന്നെ മൂക് പരീക്ഷ നടത്തിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ മാർച്ചിൽ ബിരുദ കോഴ്സ് പൂർത്തിയാക്കിയ ബാച്ചിന് (2021–2024) നിശ്ചിത സമയത്തു പരീക്ഷ നടത്താൻ സർവകലാശാലയ്ക്കായില്ല.
പ്രധാന ബിരുദ പരീക്ഷകളെല്ലാം കഴിഞ്ഞശേഷം ജൂണിലാണു മൂക് പരീക്ഷ നടന്നത്. ഫലവും വൈകാതെ വന്നു. എന്നാൽ, അന്നു പല കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്കാണു നാളെ വീണ്ടും ഓൺലൈനായി പരീക്ഷ നടത്തുന്നത്.