ADVERTISEMENT

ന്യൂഡൽഹി ∙ റെയിൽവേ വികസന പദ്ധതികളിൽ കേരള സർക്കാരിനു സഹകരണമനോഭാവമില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ കുറ്റപ്പെടുത്തി. സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സഹകരിക്കുന്നില്ല. സഹകരണം ഉറപ്പാക്കാനായി കേരളത്തിൽ എംപിമാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി–ശബരി റെയിൽ‌പാതയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിനായിരുന്നു മറുപടി.

കേരളത്തിലെ റെയിൽവേ വികസനത്തിന് 459.54 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിൽ 62.83 ഹെക്ടർ മാത്രമാണ് ഏറ്റെടുക്കാനായത്. യുപിഎ സർക്കാരിന്റെ കാലത്തു ശരാശരി 372 കോടി രൂപയാണു പ്രതിവർഷം കേരളത്തിന്റെ റെയിൽവേ വികസനത്തിനു നൽകിയിരുന്നത്. എന്നാൽ, 2023–24 ൽ മാത്രം മോദി സർക്കാർ 2,033 കോടി രൂപ അനുവദിച്ചു.

അങ്കമാലി–ശബരിമല പാത 1997–98 ൽ അനുവദിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം, അലൈൻമെന്റ് നിശ്ചയിക്കൽ, സംസ്ഥാന സർക്കാരിന്റെ നിസ്സഹകരണം എന്നിവ മൂലമാണു നടപ്പാക്കാൻ കഴിയാതിരുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കായി 3,726 കോടി രൂപ വേണമെന്നാണു കണക്കാക്കിയിരിക്കുന്നത്. ഈ തുക പങ്കുവയ്ക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കേരളത്തിന്റെ അഭിപ്രായം തേടിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. എരുമേലിപ്പാത വിഴിഞ്ഞം പോർട്ടുമായി ബന്ധിപ്പിക്കാനാകില്ലെന്നും ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. വിഴിഞ്ഞത്തിനു സമീപമുള്ള സ്റ്റേഷൻ നേമമാണ്. നേമമായി ബന്ധിപ്പിക്കുന്നതായിരിക്കും ഉചിതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിൽവർലൈൻ: അടുത്തിടെ ഒന്നും കേട്ടില്ല

ന്യൂഡൽഹി ∙ സിൽവർലൈൻ പദ്ധതിയെപറ്റി അടുത്തകാലത്തൊന്നും സംസ്ഥാന സർക്കാർ പറഞ്ഞു കേട്ടില്ലെന്നു റെയിൽവേ മന്ത്രി. പുതിയ ചെങ്ങന്നൂർ–പമ്പ അലൈൻമെന്റ് പരിഗണനയിലുണ്ട്. ഇതിന്റെ സർവേ പൂർത്തിയായാൽ നല്ലതു നോക്കി തിരഞ്ഞെടുക്കും. ഭൂമി ലഭിച്ചാൽ കേരളത്തിലെ റെയിൽവേ പദ്ധതികൾക്കു പണം തടസ്സമാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Minister says Kerala is not cooperate with Railway development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com