ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ പിൻവലിച്ച വിവാദ കർഷക നിയമങ്ങൾ പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെയാണു പാസാക്കിയതെന്ന തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ആരോപണം സ്പീക്കർ ഓം ബിർല തിരുത്തി. കർഷകനിയമങ്ങൾ സഭയിൽ അഞ്ചര മണിക്കൂർ ചർച്ച ചെയ്തിരുന്നതായി ഓം ബിർല പറഞ്ഞു. ബജറ്റ് 2 സംസ്ഥാനങ്ങൾക്കു വേണ്ടിയുള്ളതു മാത്രമാണെന്നു വിമർശിച്ച അഭിഷേക് ബാനർജി, ബംഗാൾ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ പരാജയത്തിനു ശേഷം കേന്ദ്രത്തിൽനിന്നു ധനസഹായം ലഭിക്കാറില്ലെന്നും വിമർശിച്ചു.

പ്രസംഗത്തിൽ നോട്ട് നിരോധനത്തെക്കുറിച്ചു പരാമർശിച്ചപ്പോൾ ഇതു 2016 ൽ നടന്നതാണെന്നും ഇപ്പോഴത്തെ ബജറ്റിനെക്കുറിച്ചു സംസാരിക്കാനും സ്പീക്കർ നിർദേശിച്ചു. ഏതാനും ദിവസം മുൻപു അടിയന്തരാവസ്ഥയെക്കുറിച്ചു സഭയിൽ ചർച്ച ചെയ്തിരുന്നുവെന്നും അത് 50 വർഷം മുൻപു നടന്നതായിരുന്നുവെന്നും അഭിഷേക് ബാനർജി തിരിച്ചടിച്ചു. പിന്നാലെ സ്പീക്കറെ ചോദ്യം ചെയ്യരുതെന്ന് ഓം ബിർല സഭാംഗങ്ങൾക്കു നിർദേശം നൽകി.

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയുടെയും അശ്രദ്ധയുടെയും അടയാളമാണു ബജറ്റെന്നു കോൺഗ്രസ് നേതാവ് ശശി തരൂർ വിമർശിച്ചു. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ ‘ബ്രേക്ക്’ തകർന്നുവെങ്കിലും സർക്കാരിന്റെ ശബ്ദത്തിനു കുറവൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷം വിവിധ പദ്ധതികളുടെ പേര് മാറ്റുക മാത്രമാണു കേന്ദ്രം ചെയ്തതെന്നും വിമർശിച്ചു. 

വികസിത ഭാരതം ലക്ഷ്യമിട്ടുള്ള ദീർഘദൂര ലക്ഷ്യങ്ങളുടെ പ്രതിഫലനമാണു ബജറ്റിലുള്ളതെന്നു ബിജെപി എംപിമാർ പറഞ്ഞു. 

2047 വരെ എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നും രാജ്യത്തെ ജനങ്ങൾ അതു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ത്രിപുരയിൽ നിന്നുള്ള ബിജെപി എംപി ബിപ്ലബ് കുമാർ ദേബ് പറഞ്ഞു. 

പോക്കറ്റിൽ കയ്യിട്ട് സംസാരിക്കേണ്ട:സ്പീക്കർ ഓം ബിർല

ന്യൂഡൽഹി ∙ പാന്റ്സിന്റെ പോക്കറ്റിൽ‌ കയ്യിട്ടുകൊണ്ടു സംസാരിക്കരുതെന്ന് അംഗങ്ങൾക്ക് ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ നിർദേശം. മഹാരാഷ്ട്രയിൽ നിന്നുള്ള നാംദേവ് കിർസൻ പോക്കറ്റിൽ കയ്യിട്ടുകൊണ്ടാണു ചോദ്യം ഉന്നയിച്ചത്. പലരും പോക്കറ്റിൽ കയ്യിട്ടുകൊണ്ടു സംസാരിക്കുന്നത് കാണാറുണ്ടെന്നും ഇതൊഴിവാക്കണമെന്നും സ്പീക്കർ പറഞ്ഞു.

English Summary:

Trinamool MP clashed with Speaker Om Birla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com