ആരോഗ്യ ഇൻഷുറൻസിൽ 5 വർഷമായി അംഗങ്ങളെ ചേർക്കാനാകുന്നില്ല; കേന്ദ്രത്തിന്റെ പ്രതികൂല നിലപാടെന്ന് കേരളം
Mail This Article
പാലക്കാട് ∙ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ (കാസ്പ്) 5 വർഷമായി പുതിയ അംഗങ്ങളെ ചേർക്കാനാകുന്നില്ല. 2019 മുതൽ ഇതുവരെയായി ലക്ഷക്കണക്കിന് അപേക്ഷകരാണു കാത്തിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രതികൂല നിലപാടാണ് തടസ്സമെന്നു സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. ‘ഒരു റേഷൻ കാർഡ്, ഒരു കുടുംബം’ എന്നു കണക്കാക്കിയാണ് പദ്ധതിയിൽ അംഗങ്ങളെ ചേർത്തിരുന്നത്. 2018 നു ശേഷം അനുവദിക്കപ്പെട്ട ലക്ഷക്കണക്കിനു പുതിയ റേഷൻ കാർഡുകളിൽ ഉൾപ്പെട്ടവരാണു പദ്ധതിയിൽ ചേരാനാകാതെ വലയുന്നത്. ഇവരിൽ പലരും അതിദാരിദ്ര്യം നേരിടുന്നവരാണ്.
2018– 19 ൽ ആർഎസ്ബിവൈ (രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന) ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കിയിട്ടുള്ളവർ, ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താവെന്നു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ കത്തു ലഭിച്ചവർ, 2011 സെൻസസ് അനുസരിച്ച് അർഹതയുള്ളവർ, ചിസ്, ചിസ് പ്ലസ് ഗുണഭോക്താക്കൾ എന്നിങ്ങനെ 42 ലക്ഷം കുടുംബങ്ങളാണ് നിലവിൽ പദ്ധതിയിലുള്ളത്. ഇതിൽ ആദ്യ 2 വിഭാഗങ്ങളിലുള്ള 22 ലക്ഷം കുടുംബങ്ങളുടെ 60% തുക മാത്രമാണു കേന്ദ്രം നൽകുന്നത്. ഇവരുടെ ബാക്കി തുകയും ബാക്കി 20 ലക്ഷം കുടുംബങ്ങളുടെ മുഴുവൻ തുകയും സംസ്ഥാനമാണു വഹിക്കുന്നത്. ഫലത്തിൽ, വർഷം 1500 കോടിയോളം ചെലവു വരുന്ന പദ്ധതിക്കു കേന്ദ്ര സഹായമായി 150 കോടിയോളം മാത്രമാണു ലഭിക്കുന്നതെന്നു സംസ്ഥാനം പറയുന്നു.
ഒരു കുടുംബത്തിന് 1052 രൂപയാണു വിഹിതം കണക്കാക്കുന്നത്. ഇതിൽ 60% തുകയായ 631 രൂപയാണ് കേന്ദ്രം നൽകുന്നത്. കേന്ദ്രവിഹിതം കൂട്ടാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നു സംസ്ഥാന സർക്കാർ പറയുന്നു. നിലവിൽ 1000 കോടിയോളം രൂപ ആശുപത്രികൾക്കു കുടിശികയാണ്. ഇതുമൂലം പല സ്വകാര്യ ആശുപത്രികളും പദ്ധതിയിൽനിന്നു പിന്മാറുന്നുമുണ്ട്.
ഇനി പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്താൻ കഴിയില്ലെന്നും 1052 രൂപ എന്ന വിഹിതം കൂട്ടാൻ കഴിയില്ലെന്നുമാണു കേന്ദ്ര നിലപാട്. കൂടുതൽ കേന്ദ്രസഹായം ലഭിച്ചില്ലെങ്കിൽ പദ്ധതി തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥയിലാണെന്നു സംസ്ഥാനം പറയുന്നു. അന്ത്യോദയ അന്നയോജന (എഎവൈ), മുൻഗണനാ റേഷൻ കാർഡുകൾ ഉള്ള കുടുംബങ്ങളെക്കൂടി കാസ്പിൽ ഉൾപ്പെടുത്താൻ പലതവണ കത്തയച്ചതായും സംസ്ഥാന സർക്കാർ പറയുന്നു.
കഴിഞ്ഞവർഷം ചികിത്സ തേടിയത് 6.5 ലക്ഷം പേർ
സാധാരണക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനു കേന്ദ്ര സർക്കാർ ആയുഷ്മാൻ ഭാരത് എന്ന പദ്ധതി പ്രഖ്യാപിച്ചതോടെയാണ് ആയുഷ്മാൻ ഭാരത്, ആർഎസ്ബിവൈ, ചിസ്, ചിസ് പ്ലസ് പദ്ധതികൾ സംയോജിപ്പിച്ച് കേരളം 2019 ൽ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്പ്) ആരംഭിച്ചത്. വർഷംതോറും ഓരോ കുടുംബത്തിനും സ്വകാര്യ, സർക്കാർ ആശുപത്രികളിൽനിന്ന് 5 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കും. 2023–24 ൽ ആറര ലക്ഷം പേരാണു ചികിത്സ തേടിയത്.