ADVERTISEMENT

തിരുവനന്തപുരം∙ അവഗണിക്കപ്പെട്ടതിൽ പ്രതിഷേധമുണ്ടെങ്കിലും കേന്ദ്രബജറ്റിൽ കേരളത്തിനു പ്രയോജനപ്പെടുത്താവുന്ന പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനങ്ങൾക്കുള്ള മൂലധനച്ചെലവിന് ഉൾപ്പെടെ കേന്ദ്രം നീക്കിവച്ച തുക ഏതെല്ലാം പദ്ധതികൾ സമർപ്പിച്ചു നേടിയെടുക്കാനാകുമെന്ന് ഇന്നത്തെ യോഗം ചർച്ച ചെയ്യും.

ചീഫ് സെക്രട്ടറി, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ, ധനകാര്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ മാത്രമാണു പങ്കെടുക്കുക. 

മന്ത്രിമാർ യോഗത്തിലുണ്ടാകില്ല. ബജറ്റിൽ കേരളം ആവശ്യപ്പെട്ടതൊന്നും അംഗീകരിക്കാതിരുന്നതിൽ കടുത്ത പ്രതിഷേധം പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും മുഖ്യമന്ത്രി കത്തു വഴി അറിയിക്കും.

അതേസമയം, പ്രതിഷേധം മാത്രം നടത്തി മാറിനിന്നാൽ സംസ്ഥാന വികസനത്തിനു പ്രയോജനപ്പെടുത്താവുന്ന പദ്ധതികൾ ലഭിക്കാതെ പോകുമെന്നു കണ്ടാണ് അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടുന്നത്. മൂലധനച്ചെലവിനു പലിശയില്ലാത്ത ദീർഘകാല വായ്പയായി സംസ്ഥാനങ്ങൾക്കു നൽകാൻ ഒന്നരലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബൃഹദ് പദ്ധതികൾക്കായുള്ള അടിസ്ഥാനസൗകര്യ വികസനത്തിനു വേണ്ടിയാണ് 50 വർഷത്തേക്കു സംസ്ഥാനങ്ങൾക്ക് ഈ തുക നൽകുന്നത്. 

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സംസ്ഥാനം കഴിഞ്ഞ വർഷം 3000 കോടി രൂപ ഈയിനത്തിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സഹായത്തോടെയുള്ള മറ്റു പദ്ധതികളുടെ ബ്രാൻഡിങ്ങിനു സംസ്ഥാനം വഴങ്ങാതിരുന്നതിനാൽ വായ്പസഹായം ലഭിച്ചില്ല. എന്നാൽ ആരോഗ്യവകുപ്പിൽ ഉൾപ്പെടെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ബ്രാൻഡിങ്ങിനു പിന്നീട് കേരളം തയാറായി. പുതിയ സാഹചര്യത്തിൽ ഏതെല്ലാം വൻകിട പദ്ധതികൾക്കു കേന്ദ്രത്തിന്റെ ദീർഘകാല വായ്പസഹായം നേടാനാകും എന്നതാണ് ഇന്നത്തെ യോഗത്തിൽ പ്രധാനമായി പരിശോധിക്കുക. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ പശ്ചാത്തല വികസനമാണ് അടിയന്തര വികസന വിഷയമായി മുൻപിലുള്ളത്. 

അടുത്ത രണ്ടുവർഷത്തിനകം പൂർത്തിയാക്കുന്നതിനും തുടങ്ങിവയ്ക്കുന്നതിനുമായി എല്ലാ വകുപ്പുകളിൽനിന്നും സർക്കാർ ശുപാർശകൾ തേടിയിരുന്നു. 

ഇവയിൽ വലിയ മുതൽ മുടക്കു വേണ്ട പദ്ധതികൾക്കു കേന്ദ്ര ബജറ്റ് പ്രയോജനപ്പെടുത്താമോ എന്നതു ചർച്ച ചെയ്യും.

ജനകീയ പദ്ധതികൾക്കു മുൻഗണന നൽകണമെന്നു സിപിഎം സംസ്ഥാന നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പദ്ധതികളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നതും ചർച്ചയാകും.

English Summary:

How to benefit from budget: Chief Minister to conduct meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com