വണ്ടികൾ പൊളിച്ചെന്നു വ്യാജരേഖ: ആർടിഒയ്ക്കു സസ്പെൻഷൻ
Mail This Article
തൃശൂർ ∙ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ പൊളിച്ചു വിറ്റതായി രേഖയുണ്ടാക്കി സർക്കാരിനു 32 ലക്ഷം രൂപയുടെ നികുതി നഷ്ടമുണ്ടാക്കിയ കേസിൽ ആർടിഒയ്ക്കു സസ്പെൻഷൻ. തൃശൂർ ആർടിഒ ജെബി ഐ. ചെറിയാനെയാണു ഗതാഗത വകുപ്പു സെക്രട്ടറി കെ. വാസുകി സസ്പെൻഡ് ചെയ്തത്. ചേർത്തല ജോയിന്റ് ആർടിഒ ആയിരിക്കെ നടത്തിയ ക്രമക്കേടുകളിലാണു നടപടി.
ഉടമകളുടെ ആവശ്യപ്രകാരം ചരക്ക്, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ആർസി (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) റദ്ദാക്കുകയും വണ്ടി പൊളിച്ചെന്നു കള്ളരേഖയുണ്ടാക്കി നൽകുകയും ചെയ്തായിരുന്നു ക്രമക്കേടുകൾ. ഇതോടെ സർക്കാരിനു നികുതി അടയ്ക്കേണ്ട ബാധ്യതയിൽ നിന്നു വാഹന ഉടമകൾ തടിയൂരി. ഈ വണ്ടികളെല്ലാം നികുതിയടയ്ക്കാതെ ഓട്ടം തുടരുകയും ചെയ്തു. ഒരു വർഷത്തിനിടെ 168 ആർസികൾ ജെബി ഐ. ചെറിയാൻ റദ്ദാക്കിയെന്നാണു മോട്ടർവാഹന വകുപ്പ് കണ്ടെത്തിയത്.
ചേർത്തല സബ് ആർടി ഓഫിസിൽ ജെബി ജോലിചെയ്യുന്ന സമയത്ത് എറണാകുളം ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ നേരിട്ടെത്തി നടത്തിയ റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നടപടി. വാഹൻ വെബ്സൈറ്റിൽ ലഭിച്ച അപേക്ഷകളിൽ ജെബി വ്യാപക ക്രമക്കേടുകൾ നടത്തിയെന്നു കണ്ടെത്തി. നികുതി വെട്ടിക്കാൻ വാഹന ഉടമകൾ ആർസി റദ്ദാക്കാൻ നൽകിയ അപേക്ഷകൾ അതതു ദിവസം തന്നെ ജെബി പാസാക്കി നൽകി.
3 മാസം തോറും 21,750 രൂപ നികുതി അടയ്ക്കേണ്ട ബസിനു നികുതി അടയ്ക്കാതെ തന്നെ ഫിറ്റ്നസ് പുതുക്കി നൽകുകയും ഇൻഷുറൻസ് സർട്ടിഫിക്കറ്റ് പാസാക്കുകയും ചെയ്തു. ഇതേ വാഹനം പിന്നീടു പൊളിച്ചതായും രേഖയുണ്ടാക്കി നൽകി. എന്നാൽ, പൊളിച്ചെന്നു സർക്കാർ രേഖയിലുള്ള ബസ് ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നതായും അമിത വേഗത്തിനു പിടിക്കപ്പെട്ടതായും കണ്ടെത്തിയതു വകുപ്പിനെ ഞെട്ടിച്ചു.
ഒരുവർഷത്തിനിടെ ജെബി ആർസി റദ്ദാക്കിയ 168 വാഹനങ്ങളിൽ ഒട്ടുമിക്കതും അന്വേഷണമില്ലാതെ സർട്ടിഫിക്കറ്റ് നൽകിയ കൂട്ടത്തിലാണ്. കാലഹരണപ്പെട്ട 4 ഡ്രൈവിങ് ലൈസൻസുകൾ നിയമംലംഘിച്ചു പുതുക്കി നൽകി. 3 വർഷം മുൻപു രേഖകൾ കാലഹരണപ്പെട്ട ഒരു ബൈക്കിന് അനധികൃതമായി രേഖകൾ പുതുക്കി നൽകി. ഗുരുതരമായ കൃത്യവിലോപം, അഴിമതി എന്നിവ കണ്ടെത്തിയ സാഹചര്യത്തിലാണു സസ്പെൻഡ് ചെയ്യാൻ നടപടിയായത്.
സർക്കാരിനു നികുതിയായി ലഭിക്കേണ്ട 32,21,165 രൂപ നഷ്ടപ്പെടുത്തുകയും ഇതുവഴി വാഹന ഉടമകൾക്കു ലാഭമുണ്ടാക്കാൻ അഴിമതി നടത്തുകയും ചെയ്തതിനു ജെബി ഐ. ചെറിയാനെതിരെ പൊലീസ് കേസും നിലവിലുണ്ട്.