വ്യവസായ പാർക്കുകളിൽ പാട്ടവ്യവസ്ഥ ഉദാരമാക്കി
Mail This Article
തിരുവനന്തപുരം ∙ വൻകിട വ്യവസായങ്ങളെ ആകർഷിക്കാൻ കിൻഫ്ര, കെഎസ്ഐഡിസി പാർക്കുകളിലെ പാട്ട വ്യവസ്ഥകൾ സർക്കാർ ഉദാരമാക്കി. 100 കോടി രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നവർക്കു പാട്ടക്കാലാവധി 90 വർഷമാക്കി. ഇതുവരെ 30 മുതൽ 60 വർഷം വരെയായിരുന്നു. ഇവർ പാട്ടത്തുകയുടെ 10% മാത്രം മുൻകൂറായി അടച്ചാൽ മതി. ബാക്കി പലിശസഹിതം 9 തുല്യ വാർഷിക തവണകളായി അടയ്ക്കാം. 2 വർഷം മൊറട്ടോറിയവും ലഭിക്കും.
പാട്ടത്തുകയുടെ 10% മുൻകൂറായും 50% ഒരു മാസത്തിനകവും ബാക്കി 2 വർഷത്തിനകം 2 ഗഡുക്കളായും നൽകണമെന്ന വ്യവസ്ഥയിലാണു മാറ്റം. വ്യവസായ ആവശ്യത്തിനു ഭൂമി വിതരണം ചെയ്യുന്നതിനുള്ള ചട്ടങ്ങൾ പരിഷ്കരിച്ചു സർക്കാർ ഉത്തരവിറക്കി. മറ്റെല്ലാ നിക്ഷേപകർക്കും 60 വർഷം വരെയാണു പാട്ടത്തിനു നൽകുക. 50 കോടി മുതൽ 100 കോടി രൂപ വരെ നിക്ഷേപത്തിന് പാട്ടത്തുകയുടെ 20% മുൻകൂർ അടച്ചാൽ മതി. ബാക്കി തുക 5 തുല്യ വാർഷികഗഡുക്കളായി അടയ്ക്കാം.