ADVERTISEMENT

തിരുവനന്തപുരം ∙ വാഹനങ്ങളുടെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർമാണത്തിനു ആഗോള ടെൻഡർ വിളിക്കാൻ നിയമപരമായി കഴിയില്ലെന്നു വ്യക്തമാക്കി ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത് സർക്കാരിനു മറുപടി നൽകി. സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വലിനെതിരാണ് ഉത്തരവെന്നു കമ്മിഷണർ വിശദീകരിച്ചു. നമ്പർ പ്ലേറ്റ് സ്വന്തമായി നിർമിക്കാൻ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ആന്റണി രാജു തുടങ്ങി വച്ച ടെൻഡർ പ്രക്രിയ പാടേ റദ്ദാക്കിയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. ഇതോടെ മന്ത്രി കെ.ബി.ഗണേഷ്കുമാറും ശ്രീജിത്തും പുതിയ പോർമുഖം തുറന്നു. 

അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർമിക്കുന്നതിനുള്ള പാനലിൽ കേന്ദ്ര സർക്കാർ 18 കമ്പനികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതു സ്വന്തം നിലയ്ക്കു നിർമിക്കുന്നതാണു ലാഭകരമെന്ന് ആന്റണി രാജു മന്ത്രിയായിരിക്കെ കണ്ടെത്തി. എടപ്പാളിൽ കെഎസ്ആർടിസിയുടെ ഡ്രൈവർ ട്രെയ്നിങ് റിസർച് യൂണിറ്റിൽ യന്ത്രം സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതനുസരിച്ച് യന്ത്രം സ്ഥാപിക്കാൻ ഗതാഗത കമ്മിഷണർ ടെൻഡർ വിളിച്ചു. അപ്പോഴേക്കും മന്ത്രി മാറി. ടെൻഡർ തുറക്കരുതെന്ന് പുതിയ മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചെങ്കിലും അതു പരിഗണിക്കാതെ കമ്മിഷണർ ടെൻഡർ തുറന്നതോടെ 8 കമ്പനികൾ രംഗത്തെത്തി. അതോടെയാണ് അതു റദ്ദാക്കി ആഗോള ‍ടെൻഡർ വിളിക്കാൻ സർക്കാർ ചൊവ്വാഴ്ച ഉത്തരവിട്ടത്. 

ഉത്തരവ് നിയമവിരുദ്ധം: കത്തിലെ കാരണങ്ങൾ

∙ സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരം പ്രാദേശികമായി നിർമാണ സാമഗ്രികൾ ലഭ്യമല്ലെങ്കിൽ മാത്രമേ ആഗോള ടെൻഡർ വിളിക്കാനാകൂ.

∙ 200 കോടി രൂപയ്ക്ക് താഴെയുള്ള ഇടപാടുകൾക്ക് ആഗോള ടെൻഡർ പാടില്ല. പ്ലേറ്റ് നിർമാണ യന്ത്രത്തിന്റെ ചെലവ് 2 കോടി രൂപ മാത്രമാണ്. 

കാർ ഡീലർമാരുടെ കൈവശവും അംഗീകൃത ഏജൻസികൾക്കും ഇതുണ്ട്. 

∙ചില പ്രത്യേക കേസുകളിൽ വകുപ്പുകൾക്കു കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയോടെ ആഗോള ടെൻഡർ ചെയ്യാമെങ്കിലും ഇതിനു ടെൻഡർ രേഖകളുടെ പകർപ്പ്, വിദേശത്തെ 5 ഇന്ത്യൻ എംബസികൾക്കും ഇന്ത്യയിലെ വിദേശ എംബസികൾക്കും നൽകണം. ബന്ധപ്പെട്ട രാജ്യങ്ങളിൽ അതു പ്രസിദ്ധീകരിക്കാൻ അപേക്ഷിക്കുകയും വേണം. 

English Summary:

Safety number plate: Transport Commissioner says global tender is illegal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com