ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ആണവ വൈദ്യുതനിലയം സ്ഥാപിക്കുന്നതിനുള്ള വിവിധ പഠനങ്ങൾക്ക് തുടക്കം കുറിക്കാൻ തീരുമാനം. ന്യൂക്ലിയർ പവർ കോർപറേഷന്റെ കീഴിലുള്ളതും കൽപാക്കം ആണവ വൈദ്യുത പദ്ധതിയുടെ നിർമാണച്ചുമതലയുള്ളതുമായ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ് (ഭാവിനി) സിഎംഡി കെ.വി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവുമായി സംസ്ഥാന ഉൗർജ അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലും കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകറും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്നലെ വിഡിയോ കോൺഫറൻസിലൂടെയാണ് ചർച്ച നടന്നത്.

പഠനത്തിന്റെ ഭാഗമായി കേരളത്തെ സംബന്ധിച്ച ഡേറ്റ, ന്യൂക്ലിയർ പവർ കോർപറേഷൻ ആവശ്യപ്പെടുന്നതനുസരിച്ച് കൈമാറാമെന്ന് തത്വത്തിൽ തീരുമാനമായി. കേരളത്തിലെ ഭൂചലന സാധ്യതകളും ന്യൂക്ലിയർ പവർ കോർപറേഷന്റെ നേതൃത്വത്തിൽ പഠിക്കും. ഇതുവരെ ഇത്തരത്തിൽ ഒരു പഠനവും കേരളത്തിൽ നടത്തിയിട്ടില്ലാത്തതിനാൽ പഠനം നടത്തിയ ശേഷം മാത്രമേ ഏതു സ്ഥലമെന്ന് തീരുമാനിക്കാനാകൂ. കേരളത്തിന്റെ ഭൂപ്രദേശത്തെ മേഖലകളായി തിരിച്ചാണു പഠിക്കുക.

ന്യൂക്ലിയർ പവർ കോർപറേഷനുമായി കെഎസ്ഇബി ചെയർമാനും സംഘവും ആദ്യഘട്ട ചർച്ചകൾ കഴിഞ്ഞ 15ന് മുംബൈയിൽ പൂർത്തിയാക്കിയിരുന്നു. സംസ്ഥാനത്ത് 220 മെഗാവാട്ടിന്റെ രണ്ട് പദ്ധതികൾക്കാണ് ഒരിടത്ത് സ്ഥലം കണ്ടെത്തേണ്ടത്. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകറും കെഎസ്ഇബിയുടെ രണ്ട് ഡയറക്ടർമാരുമാണ് മുംബൈയിൽ ന്യൂക്ലിയർ പവർ കോർപറേഷൻ ചെയർമാനുമായി ചർച്ച നടത്തിയത്. ആതിരപ്പള്ളിയിലും ചീമേനിയിലും സ്ഥലം ലഭ്യമാക്കുന്നതിനെക്കുറിച്ചായിരുന്നു കെഎസ്ഇബിയുടെ പഠനം. എന്നാൽ ഇതിൽ ന്യൂക്ലിയർ പവർ കോർപറേഷന്റെ പഠന റിപ്പോർട്ടായിരിക്കും അന്തിമം. ഭാവിനി സിഎംഡി, ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ തീരദേശ മേഖലയിൽ സ്ഥാപിക്കുന്നതിന് 625 ഹെക്ടറും അല്ലാത്ത സ്ഥലത്തു സ്ഥാപിക്കാൻ 960 ഹെക്ടറും സ്ഥലം വേണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ഇതുകൂടാതെ ഉദ്യോഗസ്ഥർക്കായി ടൗൺഷിപ് നിർമിക്കാൻ 125 ഹെക്ടർ സ്ഥലം കൂടി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

English Summary:

Initiation of various studies to set up nuclear power plant in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com