ADVERTISEMENT

തിരുവനന്തപുരം ∙ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിയതു ബോംബ് സ്ഫോടനത്തിനു തുല്യമായ അവസ്ഥയിലെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). കൂറ്റൻ പാറക്കെട്ടുകൾ തകർന്നു തെറിച്ചത് ആഘാതം വർധിപ്പിച്ചു. ചാർനോക്കൈറ്റ് വിഭാഗത്തിലുള്ള പാറകളാണ് ഈ പ്രദേശത്തെ കുന്നുകളുടെ പ്രത്യേകത. തുടർച്ചയായ മഴയിൽ ഈ പാറയിലെ വിടവുകളിലൂടെ വെള്ളം നിറഞ്ഞു. അവസാനത്തെ 2 ദിവസം കൊണ്ട് 60 സെന്റിമീറ്ററോളം മഴ പെയ്തതോടെ പാറയ്ക്കുള്ളിൽ സംഭരിക്കാവുന്ന വെള്ളത്തിന്റെ പരിധി കവിഞ്ഞു.

കടുത്ത സമ്മർദത്തിൽ കൂറ്റൻ പാറകൾ പൊട്ടിത്തെറിക്കുകയായിരുന്നു. കിലോമീറ്ററുകളോളം ദൂരത്തിൽ വെള്ളത്തോടൊപ്പം പാറക്കഷണങ്ങളും തെറിച്ചുവീണത് ആഘാതം പലമടങ്ങ് വർധിപ്പിച്ചതായി ജിഎസ്ഐ കേരള ഘടകം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.വി.അമ്പിളി പറഞ്ഞു. 

ഉരുൾപൊട്ടൽ അറിയാൻ ആപ്പും വെബ്സൈറ്റും വരും

കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യത മനസ്സിലാക്കി മുൻകരുതലെടുക്കാൻ ജിഎസ്ഐ തയാറാക്കിയ മൊബൈൽ ആപ്പും വെബ്സൈറ്റും ജനങ്ങൾക്കു ലഭ്യമാക്കും. 

ചൂരൽമലയിൽ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ ബന്ധുക്കൾ.
ചൂരൽമലയിൽ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ ബന്ധുക്കൾ.

കഴിഞ്ഞ 19നായിരുന്നു ഉദ്ഘാടനം. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്ന ആപ്പും വെബ്സൈറ്റും ഒരാഴ്ചയ്ക്കുള്ളിൽ ഉപയോഗസജ്ജമാക്കുമെന്നു ഡോ.അമ്പിളി പറഞ്ഞു. ലാൻഡ് സ്ലൈഡ് സസ്പെക്ടബിലിറ്റി മാപ്പ് (എൽഎസ്എം) എന്നാണു പേര്. മുന്നറിയിപ്പു പ്രകാരം ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഈ സംവിധാനം വരുന്നതോടെ കഴിയും.

ഉരുൾപൊട്ടിയ മേഖലയ്ക്ക് ഗ്രീൻ അലർട്ട്

തിരുവനന്തപുരം ∙ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) വയനാട്ടിൽ ഉരുൾപൊട്ടിയ മേഖലയ്ക്കു നൽകിയത് ഗ്രീൻ അലർട്ട്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ചാണ് 30 ന് ഗ്രീൻ അലർട്ട് നൽകിയതെന്ന് അധികൃതർ പറഞ്ഞു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾക്കു റെഡ് അലർട്ടിന്റെ ഭാഗമായി ഭൂപടത്തിൽ ചുവന്ന അടയാളമാണു നൽകാറുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴയെ സംബന്ധിച്ച് വയനാട് ജില്ലയിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരുന്നത്. 24 മണിക്കൂറിൽ 20 സെന്റിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. പ്രവചനങ്ങൾ മറികടന്ന് ചൂരൽമലയും മുണ്ടക്കൈയും ഉൾപ്പെടുന്ന പ്രദേശത്ത് 37 സെന്റിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചത് ദുരന്ത കാരണമായെന്ന് ജിഎസ്ഐ പറയുന്നു.

ഫയലുകളിൽ ഉറങ്ങുന്നു, വിദഗ്ധരുടെ നിർദേശങ്ങൾ

ഓരോ ഉരുൾപൊട്ടലിനും ശേഷം വിദഗ്ധ സംഘങ്ങൾ നൽകുന്ന നിർദേശങ്ങൾ നടപ്പാക്കാതെ പൂഴ്ത്തുന്നതാണു കേരളത്തിലെ പതിവ്. കവളപ്പാറയിലും പുത്തൂർമലയിലും ദുരന്തത്തിനു ശേഷം യുനിസെഫ്– കേരള ദുരന്ത നിവാരണ അതോറിറ്റി സംഘം നൽകിയ റിപ്പോർട്ടിലെ ശുപാർശകളൊന്നും നടപ്പായിട്ടില്ല.

പ്രധാന ശുപാർശകൾ: ഭൂവിനിയോഗത്തിനു സമഗ്ര നയം രൂപപ്പെടുത്തി നടപ്പാക്കണം. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കി അതിവേഗത്തിൽ പ്രവർത്തിക്കാൻ ജനങ്ങൾക്കു പരിശീലനം നൽകണം. കവളപ്പാറയിൽ ദുരന്തമുണ്ടാകുന്നതിനു തൊട്ടു മുൻപ് കന്നുകാലികളും നായ്ക്കളും അസ്വാഭാവികമായി പെരുമാറിയിരുന്നു. 

കന്നുകാലികൾ ഉച്ചത്തിൽ കരയുകയും നായ്ക്കൾ ഓരിയിടുകയും ചെയ്തു. അതിനു പിന്നാലെയാണ് ചെറിയ കല്ലുകളോടൊപ്പം ആദ്യത്തെ ജലപ്രവാഹമുണ്ടായത്. ദുരന്തത്തിൽ ഒരു നായയുടെ ജഡം മാത്രമാണു കണ്ടെത്തിയത്. മറ്റു നായ്ക്കളെല്ലാം ഓടി രക്ഷപ്പെട്ടിരുന്നു. പ്രകൃതിക്ഷോഭങ്ങൾക്കു മുന്നോടിയായി മൃഗങ്ങളുടെ ഇത്തരം മുന്നറിയിപ്പുകൾ രേഖപ്പെടുത്തുകയും ജനങ്ങൾക്കു പരിശീലനം നൽകുമ്പോൾ പരിചയപ്പെടുത്തുകയും വേണം. ദുരന്തമുണ്ടായ മേഖലകളിൽ സ്മാരകം നിർമിക്കണം. അത് ഒരു ഓർമപ്പെടുത്തലായി ഭാവിയിൽ മുൻകരുതലെടുക്കാൻ സഹായിക്കും.

ഗവർണറെത്തി

മേപ്പാടി ∙ ചൂരൽമലയിലെ രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻ‌തൂക്കം നൽകുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇതു സംസ്ഥാനത്തിന്റെ മുഴുവൻ ദുഃഖമാണ്. പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും വളരെ ഊർജിതമായാണു പ്രവർത്തിക്കുന്നത്. ദുരന്ത മേഖലയിൽ എത്തിയ ഗവർണർ കലക്ടർ ഡി.ആർ.മേഘശ്രീയോടു വിവരങ്ങൾ ആരാഞ്ഞു. കേരള കർണാടക സബ് ഏരിയ ജിഒസി മേജർ ജനറൽ മാത്യൂസ്, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. മേപ്പാടിയിലെ മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയും കുടുംബാരോഗ്യ കേന്ദ്രവും സന്ദർശിച്ചു.

English Summary:

Landslides in Wayanad are caused due to water-filled pressure inside the rock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com