ADVERTISEMENT

തിരുവനന്തപുരം∙ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ പാൽക്കുളങ്ങര സ്വദേശി ഷിനിയെ എയർപിസ്റ്റൾ കൊണ്ട് വെടിവച്ച കേസിൽ വനിതാ ഡോക്ടറിൽ നിന്നു പിടിച്ചെടുത്ത എയർപിസ്റ്റൾ പൊലീസ് ഫൊറൻസിക് ലാബിൽ നാളെ പരിശോധിക്കും. പ്രതിയുടെ പക്കൽ നിന്നു പിടിച്ചെടുത്ത പിസ്റ്റൾ ഫൊറൻസിക് ലാബിലെ ബാലിസ്റ്റിക്സ് വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു നടപടി സ്വീകരിക്കുമെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കമ്മിഷണർ ജി.സ്പർജൻകുമാർ പറഞ്ഞു.

മൂന്നു പെല്ലറ്റുകളാണ് ഷിനിക്കു നേരെ ഉതിർത്തത്. ഇതിൽ ഒരെണ്ണം ഷിനിയുടെ കയ്യിൽ പതിച്ചു. രണ്ടെണ്ണം ഉന്നം പിഴച്ചു ചുമരിൽ തട്ടി വീണു. ഫൊറൻസിക് സംഘത്തിന്റെ പരിശോധനയിൽ സാധാരണ എയർ ഗണ്ണുകളിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളെക്കാൾ ചെറിയ പെല്ലറ്റുകളാണ് ഇതെന്നായിരുന്നു കണ്ടെത്തിയത്. ദൂരെ നിന്നു വെടിയുതിർത്താൽ വലിയ അപകടത്തിന് സാധ്യത കുറവാണ്. എന്നാൽ ക്ലോസ് റേഞ്ചിലെ വെടി അപകടകാരിയാണെന്നും പൊലീസ് പറഞ്ഞു.

കുറിയർ നൽകാനെന്ന വ്യാജേന വനിതാ ഡോക്ടർ ഷിനിയെ വീടിന്റെ വാതിലിനു മുന്നിലേക്കു വിളിച്ചു വരുത്തി ഒരു മീറ്റർ അകലെ നിന്നാണ് വെടിയുതിർത്തത്.  പരുക്കിന്റെ വ്യാപ്തി കൂടുമെന്നു മനസ്സിലാക്കിയാണ് ഡോക്ടർ തൊട്ടടുത്തുനിന്ന് നിറയൊഴിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. 

എയർ പിസ്റ്റളും എയർഗണ്ണും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ പൊലീസിനു തലവേദനയായിട്ടുണ്ട്. മൂന്നു മാസം മുൻപാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എയർഗണ്ണുമായി വർക്കല സ്വദേശിയെ പിടികൂടിയത്. രോഗിയെ കാണാനായി എത്തിയ ഇയാളെ സുരക്ഷാ ജീവനക്കാർ തടഞ്ഞതിന്റെ പേരിലായിരുന്നു തോക്കെടുത്തത്.

2022ൽ  ഇടപ്പഴിഞ്ഞി സിഎസ്എം നഗറിൽ വീട് കുത്തിത്തുറന്ന് കവർച്ചയ്ക്കു ശ്രമിച്ച മോഷ്ടാക്കൾ മോഷണശ്രമം തടഞ്ഞ അയൽവാസിയെയും പിന്തുടർന്നു പോയ പൊലീസ് ഉദ്യോഗസ്ഥരെയും എയർപിസ്റ്റൾ ചൂണ്ടി രക്ഷപ്പെട്ടിരുന്നു.

English Summary:

Airpistol Forensic Examination on shooting case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com