തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്കാരത്തിന് മാർഗനിർദേശം
Mail This Article
തിരുവനന്തപുരം / തൃശൂർ ∙ വയനാട് ദുരന്തത്തിൽ കണ്ടെത്തിയ നൂറോളം മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ ഇവ സംസ്കരിക്കുന്നതിനു മാർഗനിർദേശങ്ങളുമായി സർക്കാർ ഉത്തരവിറക്കി. കൽപറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പൊതുശ്മശാനങ്ങളിലാണു സംസ്കാരം നടത്തുക. മൃതദേഹങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്കാരം എന്നിവയുടെ നോഡൽ ഓഫിസറായി റജിസ്ട്രേഷൻ വകുപ്പ് ഐജി ശ്രീധന്യ സുരേഷിനെ ചുമതലപ്പെടുത്തി.
മൃതദേഹങ്ങൾക്കു തിരിച്ചറിയൽ നമ്പർ നൽകും. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികളുണ്ടാകും. മൃതദേഹത്തിന്റെയും അതിലെ ആഭരണമുൾപ്പെടെ വസ്തുക്കളുടെയും ചിത്രമെടുത്തു സൂക്ഷിക്കും. ഡിഎൻഎ സാംപിൾ, പല്ലുകളുടെ വിശദാംശങ്ങൾ എന്നിവ സൂക്ഷിക്കും.
ഇൻക്വസ്റ്റ് പൂർത്തിയാക്കി 72 മണിക്കൂറിനകം സംസ്കരിക്കണം. അടക്കം ചെയ്യുന്ന രീതിയിൽ മാത്രമേ സംസ്കരിക്കാവൂ. സംസ്കാരസ്ഥലം ജില്ലാ ഭരണകൂടം മേപ്പാടി പഞ്ചായത്ത് അധികൃതരെ അറിയിക്കണം. തിരിച്ചറിഞ്ഞെങ്കിലും അവകാശികളില്ലാത്ത മൃതദേഹം, അവകാശത്തർക്കമുള്ള മൃതദേഹം, ശരീരഭാഗങ്ങൾ എന്നിവ സംസ്കരിക്കുന്നതിനും ഇതേ മാർഗനിർദേശങ്ങൾ ബാധകമാണ്.
തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുമ്പോൾ മതപരമായ ചടങ്ങുകൾ നടത്തണമെന്ന ആവശ്യമുയർന്നതിനാൽ സർവമതപ്രാർഥനയ്ക്കു പഞ്ചായത്തുകൾക്ക് മുൻകയ്യെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചു.
127 ശരീരഭാഗങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവയോരോന്നും പ്രത്യേകം കുഴിയിൽ സംസ്കരിക്കുമെന്നും റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. കുഴിമാടങ്ങളിൽ ഡിഎൻഎ നമ്പർ പ്രദർശിപ്പിക്കും. എല്ലാ മതങ്ങൾക്കും മരണാനന്തര പ്രാർഥന നടത്താമെന്നും മന്ത്രി പറഞ്ഞു.