ചാലിയാറിലെ തിരച്ചിൽ: മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും എണ്ണം 200 കടന്നു
Mail This Article
നിലമ്പൂർ (മലപ്പുറം) ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽപെട്ട് ചാലിയാറിലൂടെ ഒഴുകിവന്ന മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും എണ്ണം 205 ആയി. പുഴയോരത്ത് വിവിധയിടങ്ങളിലെ തിരച്ചിലിൽ 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണു കണ്ടെടുത്തത്. ഇന്നലെ ലഭിച്ച 3 മൃതദേഹങ്ങളും 18 വയസ്സിൽ താഴെയുള്ളവരുടേതാണ്– 12, 15, 16 വയസ്സ് തോന്നിക്കുന്നവ. പുറമേ 13 ശരീരഭാഗങ്ങളും ഇന്നലെ ലഭിച്ചു. 3 ശരീരഭാഗങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു.
ഇന്നലെയും ചാലിയാർ തീരത്തുടനീളം വിവിധ സേനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടന്നു. ഔദ്യോഗിക കണക്കു പ്രകാരം 37 പുരുഷൻമാരുടെയും 29 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 4 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണു ചാലിയാറിൽനിന്ന് ഇതുവരെ ലഭിച്ചത്. 12 വയസ്സിൽ താഴെയുള്ളവ മാത്രമാണു കുട്ടികൾ എന്ന കണക്കിൽ ആരോഗ്യ വകുപ്പ് ഉൾപ്പെടുത്തുന്നത്.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഇതുവരെ 198 പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. ഇവയിൽ 195 എണ്ണം തിരിച്ചറിയുന്നതിനായി വയനാട് മേപ്പാടിയിലേക്കു മാറ്റി. 3 മൃതദേഹങ്ങൾ നേരത്തേ വിട്ടുകൊടുത്തിരുന്നു.