ഷായ്ക്കെതിരെ അവകാശലംഘന നോട്ടിസ്
Mail This Article
ന്യൂഡൽഹി ∙ വയനാട്ടിലെ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ടു തെറ്റായ വിവരങ്ങളാണു കേന്ദ്രമന്ത്രി അമിത് ഷാ രാജ്യസഭയിൽ നൽകിയതെന്നുകാട്ടി കോൺഗ്രസ് നേതാവ് ജയറാം രമേശ് അവകാശലംഘന നോട്ടിസ് നൽകി. വയനാട്ടിൽ ശക്തമായ മഴയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിരുന്നുവെന്നും സംസ്ഥാനം മുൻകരുതൽ സ്വീകരിക്കേണ്ടിയിരുന്നുവെന്നും ബുധനാഴ്ച രാജ്യസഭയിൽ ദുരന്തവുമായി ബന്ധപ്പെട്ട ശ്രദ്ധക്ഷണിക്കലിനു മറുപടിയായി അമിത് ഷാ വിമർശിച്ചിരുന്നു. ലോക്സഭയിലും ഈ ആരോപണങ്ങൾ അദ്ദേഹം ആവർത്തിച്ചു.
എന്നാൽ അമിത് ഷായുടെ വാദങ്ങൾ തെറ്റാണെന്നു വ്യക്തമാക്കുന്ന വാർത്തകൾ വിവിധ മാധ്യമങ്ങൾ നൽകിയിരുന്നു. ശക്തമായ മഴയുണ്ടാകുമെന്ന റെഡ് അലർട്ട്, അപകടമുണ്ടായ 30ന് അതിരാവിലെയാണു കാലാവസ്ഥാ വകുപ്പ് നൽകിയത്. ഈ വാർത്തകളുടെ അടിസ്ഥാനത്തിലാണു ജയറാം രമേശ് അവകാശ ലംഘനത്തിനു നോട്ടിസ് നൽകിയത്.