ADVERTISEMENT

മുണ്ടക്കൈ ∙ മലകളിടിഞ്ഞെത്തിയ മഹാദുരന്തത്തിൽ പൊലിഞ്ഞത് ഒട്ടേറെ കുരുന്നുജീവനുകൾ. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ ഇന്നലെ വരെ ഔദ്യോഗികമായി 210 മരണം സ്ഥിരീകരിച്ചതിൽ 29 കുട്ടികളാണുള്ളതെങ്കിലും വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള കണക്കു പ്രകാരം ഇതുവരെ 60 കുട്ടികൾ മരിച്ചിട്ടുണ്ട്. ചൂരൽമലയിലെ വെള്ളാർമല ജിവിഎച്ച്എസ്എസിലെ 32 കുട്ടികളാണു മരിച്ചത്.

12 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. മുണ്ടക്കൈ എൽപി സ്കൂളിൽ നാലാം ക്ലാസിലെ 7 കുട്ടികളും മൂന്നാം ക്ലാസിലെ ഒരു കുട്ടിയും കിന്റർഗാർട്ടനിലെ ഒരു കുട്ടിയും അടക്കം 9 കുട്ടികൾ മരിച്ചു. മറ്റു സ്കൂളുകളിൽ മേപ്പാടി സെന്റ് ജോസഫ്സ് (1), മേപ്പാടി മൗണ്ട് താബോർ (2), മേപ്പാടി ജിഎച്ച്എസ്എസ് (2), കൽപറ്റ എസ്കെഎംജെ (1), ലക്കിടി നവോദയ (1) എന്നിങ്ങനെയാണു മരിച്ച വിദ്യാർഥികളുടെ എണ്ണം.

സ്കൂളിൽ ചേർക്കാൻ പ്രായമായിട്ടില്ലാത്ത എത്ര കുട്ടികൾ ദുരന്തത്തിനിരയായെന്ന് ഇപ്പോഴും വ്യക്തമല്ല. കൊച്ചുകുട്ടികളുടെ കൃത്യമായ കണക്കു സൂക്ഷിച്ചിട്ടുള്ള അങ്കണവാടികൾ തന്നെ ഉരുളെടുത്തുപോയി. ദുരന്തം ജീവനെടുത്ത കുട്ടികളുടെ ശരിയായ എണ്ണം ഇനിയുമെത്രയോ കൂടുമെന്നുറപ്പ്. 

ഒട്ടേറെ കുടുംബങ്ങൾ ഒന്നിച്ചാണു കൊച്ചുകുഞ്ഞുങ്ങൾക്കൊപ്പം ഭൂമിയിൽനിന്ന് ഒറ്റ രാത്രിയിൽ അപ്രത്യക്ഷമായത്. ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടു ക്യാംപുകളിൽ കഴിയുന്ന കുട്ടികളുമേറെ. രക്ഷപ്പെട്ട കുട്ടികളാരും മാനസികാഘാതത്തിൽ നിന്നു പൂർണമായി മോചിതരായിട്ടില്ലെന്നു ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ പറഞ്ഞു. എത്ര കുട്ടികളെ ദുരന്തം ബാധിച്ചുവെന്നതിന്റെ കൃത്യമായ കണക്ക് നൽകാൻ റവന്യു അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തകർന്ന സ്കൂളുകൾ തൽക്കാലം മേപ്പാടി ജിവിഎച്ച്എസ്എസിൽ

മുണ്ടക്കൈ ∙ ഉരുൾപൊട്ടലിൽ തകർന്നുപോയ വെള്ളാർമല ജിവിഎച്ച്എസ്എസും മുണ്ടക്കൈ ഗവ. എൽപിഎസും താൽക്കാലികമായി മേപ്പാടി ജിവിഎച്ച്എസ്എസിൽ പ്രവർത്തിപ്പിക്കാൻ തീരുമാനം. 2 സ്കൂളുകളിലെയും കുട്ടികളെ മേപ്പാടി സ്കൂളിൽ അതതു ക്ലാസുകളിലിരുത്തി പഠിപ്പിക്കാമെന്നാണ് ഇന്നലെ ചേർന്ന യോഗത്തിൽ നിർദേശമുണ്ടായത്. ഇതിനായി പല ഡിവിഷനുകളും ഒന്നാക്കും. 

  മേപ്പാടി സ്കൂളിലെ ലാബ്, ഗ്രൗണ്ട് ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും വെള്ളാർമല സ്കൂളിലെയും മുണ്ടക്കൈ സ്കൂളിലെയും കുട്ടികൾക്ക് ഉപയോഗിക്കാം. മേപ്പാടി സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് പ്രവർത്തനം നിർത്തുന്ന മുറയ്ക്ക് ക്ലാസുകൾ പുനരാരംഭിക്കാമെന്നാണു തീരുമാനം.

English Summary:

How many children are hidden in the soil? in Wayanad landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com