ADVERTISEMENT

തിരുവനന്തപുരം ∙ തിരച്ചിൽ അവസാനിപ്പിച്ച ശേഷവും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുണ്ടെങ്കിൽ അവരെ മരിച്ചവരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയെ സംസ്ഥാന സർക്കാർ സമീപിക്കും. ഒരാളെ കാണാതായി 7 വർഷം കഴിഞ്ഞാൽ കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിൽ മരണ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നാണു വ്യവസ്ഥ.

മരണ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ മാത്രമാണ് അവകാശികൾക്കു നഷ്ടപരിഹാരവും മറ്റു രേഖകളും ലഭിക്കുക. വയനാട് ദുരന്തത്തിൽ സർക്കാർ ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപിക്കുമ്പോൾ അവ കൈപ്പറ്റുന്നതിനുള്ള വ്യവസ്ഥകളും അറിയിക്കുമെന്നാണു സൂചന. കേരളത്തിൽ ഓഖിയിലും പ്രളയത്തിലും കാണാതായവരുടെ ആശ്രിതർക്കു മരണ സർട്ടിഫിക്കറ്റ് അനുവദിക്കാൻ റജിസ്ട്രാർമാർക്ക് ചീഫ് റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു.

 സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി. പ്രകൃതിദുരന്തങ്ങളിൽ കാണാതാകുന്നവരെക്കുറിച്ച് കൃത്യമായ അന്വേഷണവും നടപടികളും പൂർത്തീകരിച്ച് മരണ സർട്ടിഫിക്കറ്റ് നൽകാം. കാണാതായതു സംബന്ധിച്ച് അടുത്ത ബന്ധുവിന്റെ പരാതിയിൽ പൊലീസ് കേസ്, നോട്ടറി പബ്ലിക്കിന്റെ സത്യവാങ്മൂലം, തഹസിൽദാരുടെയോ സബ് ഡിവിഷനൽ മജിസ്ട്രേട്ടിന്റെയോ ഉത്തരവ്, പത്രങ്ങളിലും ഗസറ്റിലും വിജ്ഞാപനം, ആക്ഷേപം അനുവദിക്കാൻ 30 ദിവസം സമയം തുടങ്ങിയ നടപടിക്രമങ്ങൾ പാലിക്കണം.

ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയാണു നഷ്ടപരിഹാരം സർക്കാർ നൽകിയത്. ഇവരുടെ സ്വർണപ്പണയം ഒഴികെയുള്ള വായ്പകളെല്ലാം എഴുതിത്തള്ളാനും തീരുമാനിച്ചു. തിരിച്ചടയ്ക്കാനുള്ള മുതലിന്റെ 60% തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണു കൈമാറിയത്. ബാക്കി തുക ബാങ്കുകൾ സ്വയം എഴുതിത്തള്ളുകയും പലിശയും പിഴപ്പലിശയും വേണ്ടെന്നുവയ്ക്കുകയും വേണമെന്നായിരുന്നു നിർദേശം. വയനാട്ടിൽ ഉറ്റവരെ നഷ്ടപ്പെട്ടതിനു പുറമേ കിടപ്പാടം വരെ ഇല്ലാതായതിനാൽ കൂടുതൽ വിപുലമായി പാക്കേജ് തന്നെ പ്രഖ്യാപിക്കേണ്ടി വരും.

ഓഖി ദുരന്തത്തിൽ 52 പേർ മരിച്ചെന്നും 91പേർ തിരിച്ചുവന്നിട്ടില്ലെന്നുമായിരുന്നു സർക്കാരിന്റെ കണക്ക്. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച 20 ലക്ഷം രൂപ മാതാപിതാക്കൾക്കും ജീവിതപങ്കാളിക്കും മക്കൾക്കുമായി പങ്കുവച്ചാണു നൽകിയത്. 5 വർഷത്തേക്കുള്ള സ്ഥിരനിക്ഷേപമായാണു പണം അക്കൗണ്ടുകളിലേക്കു കൈമാറിയത്. പ്രതിമാസമുള്ള പലിശ ആശ്രിതർക്ക് എടുക്കാം. മക്കൾക്ക് വിവാഹ ആവശ്യത്തിനു പണം പിൻവലിക്കാനും അനുമതി നൽകിയിരുന്നു.

English Summary:

Wayanad landslide: Those who not found during search should be considered dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com