ADVERTISEMENT

മുണ്ടക്കൈ ∙ ചിതയിലേക്ക് കൊണ്ടുപോകാൻ ചേച്ചി ഗ്രീഷ്മയുടെ വെള്ളപുതച്ച ശരീരം താങ്ങിയെടുക്കുന്നവരോട് പൊട്ടിക്കരഞ്ഞുകൊണ്ട് അനിയൻ കുഞ്ഞൂട്ടൻ പറഞ്ഞു... ‘‘എന്റെ ചേച്ചിയെ ശ്രദ്ധിച്ച് എടുക്കണേ... അവൾക്ക് അത്രയൊന്നും ശക്തിയില്ല.’’ ആ കുടുംബത്തിൽ ഇനി അവശേഷിക്കുന്ന ഏകയാളാണ് അഭിജിത്ത് എന്ന കുഞ്ഞൂട്ടൻ.

മുണ്ടക്കൈ പുഞ്ചിരിമട്ടം കല്ലിങ്കൽ വീട്ടിൽ സുബ്രഹ്മണ്യന്റെയും ബബിതയുടെയും മകനാണ് അഭിജിത്ത്. സുബ്രഹ്മണ്യനെയും ബബിതയെയും മറ്റു 2 മക്കളായ ഗ്രീഷ്മ, ഗിരിജിത്ത് എന്നിവരെയും മുണ്ടക്കൈയിലുണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലിലാണു കാണാതായത്.

സുബ്രഹ്മണ്യന്റെ അമ്മ തായിക്കുട്ടിയെക്കുറിച്ചും വിവരമില്ല. അഭിജിത്ത് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. സുബ്രഹ്മണ്യന്റെയും ഗ്രീഷ്മയുടെയും ശരീരങ്ങളാണ് ഇതുവരെ കിട്ടിയത്. ഇന്നലെ മേപ്പാടി ശ്മശാനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ചിതയ്ക്കു തീകൊളുത്താൻ അഭിജിത്ത് വന്നത്. അതിനുമുൻപ് ഒരു കാര്യത്തിൽ അഭിജിത്ത് വാശിപിടിച്ചു: ചേച്ചിയുടെ മുഖമൊന്ന് കാണണം. 

ആരും ആദ്യം തയാറായില്ല. ഒടുവിൽ അഭിജിത്തിനുവേണ്ടി അവർ ഗ്രീഷ്മയുടെ മുഖത്തെ വെള്ളത്തുണി മാറ്റി. ചേച്ചിയുടെ മുഖം ഒരുനോക്കു കണ്ട അഭിജിത്ത് വീണ്ടും അലറിക്കരഞ്ഞു: എന്റെ ചേച്ചിയുടെ മുഖം ഇങ്ങനെയല്ലായിരുന്നു.’ ഗ്രീഷ്മയുടെ അന്തിമകർമങ്ങൾക്ക് അഭിജിത്തിനൊപ്പം നിന്നത് ചെറിയച്ഛന്റെ മകൻ പ്രണവാണ്. പ്രണവിന്റെ കുടുംബത്തിലും അവൻ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. അമ്മ ശാന്ത, അച്ഛൻ നാരായണൻ, സഹോദരി പ്രതിഭ എന്നിവരെയും ഉരുൾ കൊണ്ടുപോയി.

English Summary:

Sister Greeshma also died; Only Abhijith left in Kallingal house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com