ADVERTISEMENT

ആലപ്പുഴ ∙ തോട്ടപ്പള്ളി സ്പിൽവേയിൽ, വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിന്റെ പേരിലുള്ള കരിമണൽ ഖനനം വീണ്ടും തുടങ്ങി. ഈ വർഷം 1.21 ലക്ഷം ഘനമീറ്റർ കരിമണലാണു നീക്കുക. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ), ഇന്ത്യൻ റെയർ എർത്‌സ് ലിമിറ്റഡ് (ഐആർഇഎൽ) എന്നീ സ്ഥാപനങ്ങൾ ചേർന്നാണു മണലെടുക്കുന്നത്. 

മണൽ നീക്കത്തിനുള്ള കരാർ ലഭിച്ച കെഎംഎംഎൽ, നീക്കാനുള്ള മണലിന്റെ അളവ് കണക്കാക്കണമെന്നു ജലസേചനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ജലസേചനവകുപ്പ്  പരിശോധന നടത്തിയ ശേഷം 1.21 ലക്ഷം ഘനമീറ്റർ മണൽ നീക്കാനുണ്ടെന്ന് അറിയിച്ചു. കഴിഞ്ഞ വർഷം 2 ലക്ഷം ഘനമീറ്റർ മണൽ നീക്കം ചെയ്യാനാണു കരാർ നൽകിയത്. ഇത്തവണ മഴ തുടങ്ങിയപ്പോൾ ജലസേചന വകുപ്പു തന്നെ പൊഴി മുറിച്ചിരുന്നു. ഇതിനാലാണ് മണലിന്റെ അളവെടുക്കണമെന്നു കെഎംഎംഎൽ ആവശ്യപ്പെട്ടത്.   

ഘനമീറ്ററിനു 900 രൂപ വീതം ജലസേചന വകുപ്പിനു നൽകിയാണ് ഇത്തവണ കെഎംഎംഎൽ മണലെടുക്കുന്നത്. കഴിഞ്ഞ വർഷം 678 രൂപയായിരുന്നു നിരക്ക്. കെഎംഎംഎല്ലിനു മണൽ നീക്കത്തിനുള്ള കരാർ ലഭിച്ചെങ്കിലും ഇത്തവണ മണലെടുക്കാനും നീക്കാനുമുള്ള ചുമതല (എക്സ്കവേഷൻ ആൻഡ് ട്രാൻസ്പോർട്ടേഷൻ) അവർ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഎല്ലിന് കൈമാറിയിട്ടിട്ടുണ്ട്. ഡ്രജിങ് മാത്രമാണു കെഎംഎംഎൽ നടത്തുക. 

മഴ തുടങ്ങിയതിനാൽ ഉടൻ മണൽ നീക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജൂലൈ 31ന് കെഎംഎംഎല്ലിന് കത്തുനൽകിയിരുന്നു. വെള്ളപ്പൊക്കഭീഷണി ഒഴിവാക്കാനെന്ന പേരിൽ 2019 മുതലാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം തുടങ്ങിയത്. വെള്ളപ്പൊക്കഭീഷണി ഒഴിവാക്കാൻ ഉയർത്തിയ തോട്ടപ്പള്ളി സ്പിൽവേയിലെ 35 ഷട്ടറുകളിൽ 10 എണ്ണം മണലെടുപ്പ് ആരംഭിച്ചതിനു പിന്നാലെ ഇന്നലെ താഴ്ത്തി.

English Summary:

Mining started again in Thottapalli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com