ഡോ.വന്ദന ദാസ് വധം: വിസ്താരം സെപ്റ്റംബർ 9ന് ആരംഭിക്കും
Mail This Article
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം സെപ്റ്റംബർ 9ന് ആരംഭിക്കാൻ അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു.
കേസിലെ ഒന്നാം സാക്ഷിയും സംഭവസമയത്ത് ഡോ.വന്ദനയോടൊപ്പം ജോലി നോക്കിയിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യദിവസം വിസ്തരിക്കുന്നത്. കേസിലെ ആദ്യ 50 സാക്ഷികളെ ഒന്നാം ഘട്ടത്തിൽ വിസ്തരിക്കും.
34 ഡോക്ടർമാരെയാണ് പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നഴ്സുമാർ, ആംബുലൻസ് ഡ്രൈവർമാർ, ഹോസ്പിറ്റൽ സെക്യൂരിറ്റി ജീവനക്കാർ തുടങ്ങി ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും വിസ്തരിക്കും.
കേസിൽ പ്രതിയായ സന്ദീപ് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണു ഹാജരാകുന്നത്.
2023 മേയ് 10ന് പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം. പരിശോധനയ്ക്കായി പൊലീസ് എത്തിച്ച കുടവട്ടൂർ ചെറുകരക്കോണം സ്വദേശി സന്ദീപാണ് കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറ സ്വദേശിനി ഡോ. വന്ദന ദാസ് ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. പൊലീസുകാർ ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റിരുന്നു.