ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി.കമറുദ്ദീൻ അടക്കമുള്ളവരുടെ സ്വത്ത് കണ്ടുകെട്ടി
Mail This Article
കാസർകോട് ∙ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസിൽ ഉടമകളുടെ 19.6 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) താൽക്കാലികമായി കണ്ടുകെട്ടി. കമ്പനി ചെയർമാനും മുൻ എംഎൽഎയുമായ എം.സി.കമറുദ്ദീൻ, മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ, ഇവരുടെ കുടുംബാംഗങ്ങൾ, ബിസിനസ് പങ്കാളികൾ എന്നിവരുടെ പലയിടത്തായുള്ള ഭൂമിയും കെട്ടിടങ്ങളുമടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് നടപടി.
കേരള പൊലീസ് കാസർകോട്, കണ്ണൂർ ജില്ലകളിൽ റജിസ്റ്റർ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം തുടങ്ങിയത്. പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കാൻ ഫാഷൻ ഗോൾഡിന് അധികാരമില്ലെന്ന് ഇ.ഡി കണ്ടെത്തി. ഓഹരിയായും വായ്പയായുമാണു പണം സ്വരൂപിച്ചത്. പ്രതികൾ ഈ പണമെടുത്ത് സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങുകയും പിന്നീട് അവ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ.