കെഎംഎസ്‌സിഎലിലെ പിൻവാതിൽ നിയമനങ്ങൾ: തൊഴിൽ വകുപ്പിന്റെ മുന്നറിയിപ്പിനും പുല്ലുവില
Mail This Article
കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ (കെഎംഎസ്‌സിഎൽ) വ്യാപകമായി പിൻവാതിൽ നിയമനങ്ങൾ അരങ്ങേറിയതു തൊഴിൽ വകുപ്പിന്റെ കർശന നിർദേശങ്ങൾ മറികടന്ന്. നിയമം ലംഘിച്ചുകൊണ്ടുള്ള നിയമനങ്ങൾ പരിശോധിക്കാൻ തൊഴിൽ വകുപ്പിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ രണ്ടാഴ്ച മുൻപു പരിശോധനയ്ക്കെത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കമ്പനികൾ, കോർപറേഷനുകൾ, സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പിഎസ്‌സിയുടെ പരിധിക്കു പുറത്തു വരുന്ന എല്ലാ നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്നാണ് കംപൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് ആക്ട്. ഇതിനു വിപരീതമായി പ്രവർത്തിക്കുന്ന വകുപ്പു മേധാവികൾക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നു തൊഴിൽ മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ മാസം നിയമസഭയിൽ മറുപടി നൽകിയിരുന്നു.
എന്നാൽ കെഎംഎസ്‌സിഎലിൽ കഴിഞ്ഞ വർഷം ഏപ്രിൽ വരെ ഈ ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് തന്നെ നിയമസഭയിൽ വ്യക്തമാക്കിയത്. കോർപറേഷനു കീഴിലുള്ള കാരുണ്യ കമ്യൂണിറ്റി ഫാർമസിയിലെ ഫാർമസിസ്റ്റ് നിയമനങ്ങളിലും ഈ ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ല. എഴുപതിലേറെ ഔട്ട്‌ലെറ്റുകളിലായി 502 ഫാർമസിസ്റ്റുകളാണ് കാരുണ്യയിൽ ജോലി ചെയ്യുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്ത ആയിരക്കണക്കിനു ഫാർമസിസ്റ്റുകൾ ജോലി കാത്തിരിപ്പുണ്ടെങ്കിലും ഇവിടേക്ക് ഒരു ഒഴിവു പോലും റിപ്പോർട്ട് ചെയ്യാറില്ല.
ഉദ്യോഗാർഥികളുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് രണ്ടാഴ്ച മുൻപ് എംപ്ലോയ്മെന്റ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കെഎംഎസ്‌സിഎലിലെ രേഖകൾ പരിശോധിച്ചത്. 186 പേരുടെ നിയമനത്തിന് ഒരു നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്ന് ഇതിനു പിന്നാലെയാണ് മന്ത്രി തന്നെ വ്യക്തമാക്കിയത്.
2024 മാർച്ച് 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തത് 26,55,736 പേരാണ്. എന്നാൽ വിവിധ ഒഴിവുകളിലായി 2016 മേയ് 20 മുതൽ 2024 മാർച്ച് 31 വരെ ജോലി ലഭിച്ചതാകട്ടെ 90,959 പേർക്കും.
∙ ‘കെഎംഎസ്‌സിഎൽ ഉൾപ്പെടെ ചില സ്ഥാപനങ്ങളിൽ വർഷങ്ങളായി ഇത്തരം നിയമനങ്ങൾ നടന്നിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കണം എന്നാണു ചട്ടം. ഇക്കാര്യത്തിൽ തുടർ പരിശോധനകൾ ഉണ്ടാവും.’ – മന്ത്രി വി.ശിവൻകുട്ടി