പാപ്പച്ചനെ വധിക്കാൻ ക്വട്ടേഷൻ സംഘം തിരഞ്ഞെടുത്തത് വിജനമായ വഴി; പ്രതികൾക്കു കുറ്റകൃത്യ പശ്ചാത്തലം
Mail This Article
കൊല്ലം∙ ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥൻ കൈരളി നഗർ കുളിർമയിൽ സി.പാപ്പച്ചനെ (82) കൊലപ്പെടുത്തിയ കേസിലെ ഒന്നു മുതൽ നാലു പ്രതികളെ 8 ദിവസത്തേക്കും അഞ്ചാം പ്രതിയെ 5 ദിവസത്തേക്കും പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് രണ്ടാം കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.
-
Also Read
അയർലൻഡിൽ അപകടം: മലയാളി നഴ്സ് മരിച്ചു
പാപ്പച്ചന്റെ മരണത്തിനു കാരണമായ അപകടത്തിൽ കാറോടിച്ചിരുന്ന, പോളയത്തോട്ടിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന അനിമോൻ, ശാസ്ത്രി നഗറിൽ താമസിക്കുന്ന മാഹിൻ, ധനകാര്യ സ്ഥാപന മുൻ ബ്രാഞ്ച് മാനേജർ പേരൂർക്കട സ്വദേശി സരിത, അവരുടെ സഹപ്രവർത്തകനായിരുന്ന കെ.പി.അനൂപ് എന്നിവരെയാണ് 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അനിമോന് കാർ നൽകിയ ഹാഷിഫിനെയാണ് 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. 5 പേരുടെയും പത്തു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് തേടിയത്.
പ്രതികൾക്കു മൂന്നു പേർക്ക് കൃത്യമായ കുറ്റകൃത്യ പശ്ചാത്തലം നിലനിൽക്കുന്നതും ജയിലിൽ പരിചയക്കാരുണ്ടാകുമെന്നും അന്വേഷണ സംഘം വിലയിരുത്തി. എല്ലാവരെയും ഒന്നിച്ചിരുത്തി ഇനിയും ചോദ്യം ചെയ്തിട്ടില്ലെന്നും അന്വേഷണ സംഘവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. സാമ്പത്തിക തിരിമറി നടത്തിയ രീതി, ലഭിച്ച പണം, ആ പണം എന്തിനായി ചെലവഴിച്ചു എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രതികളിൽ നിന്നു ലഭിക്കണം. കൂടാതെ, കുറ്റകൃത്യത്തിൽ ഓരോരുത്തരുടെയും പങ്കും കണ്ടെത്തണം.
തെളിവെടുപ്പു പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ധനകാര്യ സ്ഥാപനത്തിന്റെ ഓലയിൽ ബ്രാഞ്ച് ഓഫിസ്, ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന് അടുത്തു കൂടി പോകുന്ന റോഡ്, സി. പാപ്പച്ചന്റെ കൈരളി നഗറിലെ വീട് തുടങ്ങിയ സ്ഥലങ്ങളിലേക്കു പ്രതികളെ അന്വേഷണ സംഘം കൊണ്ടുപോകും. 8ന് വൈകുന്നേരത്തോടെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും വ്യാഴാഴ്ച ഉച്ചയ്ക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്നു വൈകിട്ടു തന്നെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കേസിൽ 30 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം ശ്രമം തുടങ്ങി.
പാപ്പച്ചന്റെ നിക്ഷേപത്തുകയിൽ നടത്തിയ തിരിമറി അറിയാതിരിക്കാൻ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മേയ് 23ന് ഉച്ചയ്ക്കാണ് പാപ്പച്ചനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസം മരിച്ചു. പ്രതി സരിത (45) നേരത്തേ വർഷങ്ങളോളം കൊല്ലത്തെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നു. ധനകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചതോടെയാണ് അഭിഭാഷക ജോലി വിട്ടത്.
തിരഞ്ഞെടുത്തത് വിജനമായ വഴി
കൊല്ലം∙ പാപ്പച്ചനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘം തിരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും വിജനമായ സ്ഥലം. നഗരമധ്യത്തിലെങ്കിലും ആരും അധികം സഞ്ചരിക്കാത്ത വഴിയെന്ന് ഉറപ്പിച്ചായിരുന്നു ആസൂത്രണം. ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന്റെ അരികിലൂടെ പോകുന്ന റോഡാണ് കൊലപാതകത്തിനായി സംഘം തിരഞ്ഞെടുത്തത്.
പകൽപോലും ആളൊഴിഞ്ഞ വഴി. റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടിക്കിടക്കുന്നു. ഒരു മതിലിന് അപ്പുറമാണ് വീടുകൾ. ആ മതിലിലും കാടു പടർന്നു കിടക്കുന്നു. ഒന്ന് ഉറക്കെ നിലവിളിച്ചാൽ പോലും ആരും എത്തില്ല. ആ മേഖലയിലെ ഒരു വീട്ടിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യത്തിൽ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി അനിമോനെ മേയ് 28ന് അറസ്റ്റ് ചെയ്തത്.
പാപ്പച്ചന്റെ വീടും കാറിടിപ്പിച്ച സ്ഥലവുമായി ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ട്. ഈ സ്ഥലം അനിമോനും ഓട്ടോറിക്ഷ ഡ്രൈവറായ മാഹിനും നേരത്തേ പരിചയമുണ്ട്. ഈ വഴി പാപ്പച്ചനെ വിളിച്ചു കൊണ്ടുവരാൻ നിർദേശിച്ചതും ക്വട്ടേഷൻ സംഘം തന്നെയാണ്. വിജനമായ സ്ഥലമായതു കൊണ്ട് കാറുമായി കടന്നുകളയാനും ഏറെ എളുപ്പമാണ്.