അധ്യാപക നിയമനം: കേരളയിൽ പരിധി 50 വയസ്സ്
Mail This Article
തിരുവനന്തപുരം ∙ അധ്യാപക നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സിൽ നിന്ന് 50 വയസ്സായി ഉയർത്താൻ കേരള സർവകലാശാല നടപടി തുടങ്ങി. അടുത്ത സെനറ്റ് യോഗത്തിൽ സർവകലാശാലച്ചട്ടം ഇതനുസരിച്ചു പരിഷ്കരിക്കാനുള്ള തീരുമാനമെടുക്കും. ഇതോടെ സർവകലാശാലയിലും അഫിലിയേറ്റ് ചെയ്ത എയ്ഡഡ് കോളജുകളിലും ഉൾപ്പെടെ നിയമനത്തിന് മാനദണ്ഡം ഇതാകും. കേരളയ്ക്കു പിന്നാലെ സംസ്ഥാനത്തെ മറ്റു സർവകലാശാലകളും ഇൗ തീരുമാനം നടപ്പാക്കേണ്ടിവരും.
2022ൽ തന്നെ സർവകലാശാല, കോളജ് അധ്യാപക നിയമനങ്ങൾക്ക് പ്രായപരിധി എടുത്തുകളഞ്ഞ് യുജിസി ചട്ടം പരിഷ്കരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സർവകലാശാലകളും സംസ്ഥാനങ്ങളും തുടർ നടപടികളെടുക്കാൻ വൈകി. യുജിസി വ്യവസ്ഥ പൂർണമായും സ്വീകരിക്കാതെ കോളജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 50 ആയി നിജപ്പെടുത്തി സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം ഉത്തരവിറക്കിയിരുന്നു. എന്നിട്ടും തീരുമാനമെടുക്കാതിരുന്ന സർവകലാശാലകൾ, എയ്ഡഡ് കോളജുകളിലുൾപ്പെടെ 40 വയസ്സ് എന്ന പ്രായപരിധിയിലാണ് അധ്യാപക നിയമനങ്ങൾ നടത്തിയിരുന്നത്. ഇതോടെ ചിലർ ഹൈക്കോടതിയെ സമീപിച്ചു. 50 വയസ്സായെങ്കിലും പ്രായപരിധി നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് കേരള സർവകലാശാല ഇക്കാര്യത്തിൽ നടപടി തുടങ്ങിയത്.