ADVERTISEMENT

തിരുവനന്തപുരം ∙ ‘കാനം സഖാവിന് നൽകിയ വാക്കു പാലിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ഞാൻ. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഈ വിവാദം ഉണ്ടാകുമായിരുന്നില്ല. ശിൽപം നിർമിക്കുമ്പോൾ അച്യുതമേനോനെക്കുറിച്ചുള്ള വിവരങ്ങൾ ഏറെയും പറഞ്ഞു തന്നത് അദ്ദേഹമായിരുന്നു. അച്യുതമേനോൻ നല്ല ഫുട്ബോൾ കളിക്കാരനാണ്. അതിനൊത്ത കരുത്തും രൂപഭംഗിയും തലയെടുപ്പും വേണം. പിന്നെ കണ്ണുകളിലെ തിളക്കവും മുഖത്തെ പുഞ്ചിരിയും.’ തലസ്ഥാനത്ത് ഇന്നു സ്ഥാപിക്കുന്ന, മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ സി.അച്യുതമേനോന്റെ ശിൽപം നിർമിച്ച പയ്യന്നൂർ സ്വദേശി ഉണ്ണി കാനായിക്ക് വാക്കു പാലിച്ചതിന്റെ ചാരിതാർഥ്യം.

അച്യുതമേനോന്റെ ശിൽപം തിരുവനന്തപുരത്ത് വേണമെന്ന ആവശ്യം 32 വർഷത്തിനു ശേഷമാണു നിറവേറുന്നത്. മ്യൂസിയത്തിന് എതിർവശം ശ്രീനാരായണ ഗുരു പാർക്കിന് സമീപമാണ് 10 അടി ഉയരമുള്ള പൂർണകായ ശിൽപം .

തിരുവനന്തപുരം നഗരത്തിൽ ഉണ്ണി കാനായിയുടെ ആറാമത്തെ ശിൽപമാണിത്. സംസ്ഥാനത്ത് 50 ലേറെ ശിൽപങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിനു വേണ്ടി ഇന്ത്യയിലെ ഏറ്റവും വലിയ ശിവ ശിൽപം, ഗുരുവായൂർ മഞ്ജുളാൽ തറയിൽ സ്ഥാപിക്കുന്ന ഗരുഡ ശിൽപം എന്നിവയുടെ നിർമാണത്തിലാണ്. കൊല്ലത്തെ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിലേക്ക് ഗുരുവിന്റെ 8 അടി ഉയരമുള്ള വെങ്കല ശിൽപവും അവസാന ഘട്ടത്തിലാണ്.

അച്യുതമേനോന്റെ ശിൽപത്തിന് അദ്ദേഹവുമായി രൂപസാദൃശ്യമില്ലെന്ന വിവാദം വിഷമിപ്പിച്ചതായി ഉണ്ണി കാനായി പറഞ്ഞു. ‘പൂർണമാകാത്ത ശിൽപം കാണാനെത്തിയ ചിലരായിരുന്നു വിവാദത്തിനു പിന്നിൽ. പിന്നീട് മറ്റു പലരും ഏറ്റെടുത്തു. എന്റെ ഒരു വർഷത്തെ പരിശ്രമം പാഴാവുകയാണല്ലോ എന്നു തോന്നി. ഒടുവിൽ അച്യുതമേനോന്റെ ശിൽപം കാണാനെത്തിയ മകൻ ഡോ.വി.രാമൻകുട്ടി തൃപ്തി അറിയിച്ചപ്പോഴാണ് സമാധാനമായത്.’ ശിൽപകല ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ഉണ്ണി കാനായി നേരത്തേ നിർമാണ തൊഴിലാളിയായിരുന്നു. ഇന്നു 4ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശിൽപം അനാഛാദനം ചെയ്യും.

∙ ശിൽപം കണ്ടു. രൂപസാദൃശ്യ വിവാദത്തിന് ഇനി സാധ്യതയില്ല. പാർട്ടിയിലെ നേതാക്കൾക്കും ശിൽപം ബോധ്യപ്പെട്ടതായി അറിയാം.- ഡോ.വി.രാമൻകുട്ടി സി.അച്യുതമേനോന്റെ മകൻ

English Summary:

unveiling of statue of C. Achyutamenon in Thiruvananthapuram today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com