വളർത്തുമൃഗങ്ങളെയും ബാധിക്കും അമീബിക് മസ്തിഷ്ക ജ്വരം
Mail This Article
തിരുവനന്തപുരം∙ അമീബിക് മസ്തിഷ്ക ജ്വരം വളർത്തുമൃഗങ്ങളെയും ബാധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ്. ഏകകോശ സൂക്ഷ്മജീവികളായ അമീബ മനുഷ്യർക്കു പുറമേ മൃഗങ്ങളിലും ഉണ്ടാക്കുന്ന മാരകരോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. മൃഗങ്ങളുടെ ശരീരത്തിൽ ഇവ പ്രവേശിച്ച്, തലച്ചോറിലെത്തി മാരകമായ രോഗബാധ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
പ്രധാനമായും നൈഗ്ലെറിയ ഫൗലേറി എന്ന ഇനം അമീബയാണ് ഏറ്റവും മാരകമായ മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്നത്. ലോകത്തു പലഭാഗങ്ങളിലും, പ്രത്യേകിച്ച് തെക്കേ അമേരിക്കയിൽ ഇവ പശുക്കളിലും വന്യ മൃഗങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘തലച്ചോർ തിന്നുന്ന അമീബ’ എന്ന് ഇവയെ പൊതുവേ അറിയപ്പെടുന്നു.
കന്നുകാലികൾ, ചെമ്മരിയാടുകൾ, കാണ്ടാമൃഗം എന്നിവയിൽ ഈ അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗിനി പന്നികൾ, ആടുകൾ, എലികൾ എന്നിവയ്ക്കും രോഗം ബാധിച്ചേക്കാം. വളർത്തു നായ്ക്കളിലും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കന്നുകാലികളിൽ ആക്രമണ സ്വഭാവം, കൂട്ടത്തിൽ നിന്നുള്ള ഒറ്റപ്പെടൽ, അനിയന്ത്രിതമായ ശരീരചലനങ്ങൾ, വിശപ്പില്ലായ്മ, ഉണർവില്ലായ്മ, കിടപ്പിലാകുക, കൈകാലുകൾ തുഴയുക, ബോധക്ഷയം എന്നീ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണനിരക്ക് വളരെ കൂടിയതിനാൽ ചികിത്സ പലപ്പോഴും ഫലം കാണാറില്ല.