ADVERTISEMENT

മുണ്ടക്കൈ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ പ്രഹരശേഷി വർധിപ്പിച്ചത് ഉരുൾപൊട്ടലിനിടെയുണ്ടായ അണക്കെട്ട് പ്രതിഭാസം (ഡാമിങ് ഇഫക്ട്) ആണെന്നു സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ നിഗമനം. 

മേഖലയിൽ 3 ഉരുൾപൊട്ടലുകളാണ് രാത്രി 12.45 മുതൽ പുലർച്ചെ വരെ ഉണ്ടായത്. ആദ്യത്തെ ഉരുൾപൊട്ടലിൽ ഒലിച്ചുവന്ന ഭീമൻ പാറക്കെട്ടുകളും മരത്തടികളും അടിഞ്ഞുകൂടി പു‍ഞ്ചിരിമട്ടത്തോടു ചേർന്ന് അണക്കെട്ട് പോലെ രൂപപ്പെട്ടു. മണിക്കൂറുകൾക്കുള്ളിലുണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലിൽ ഈ അണയും തകർന്നതോടെ ഉരുളിന്റെ പ്രഹരശേഷി വർധിച്ചതായാണു നിഗമനം. 

ഏകദേശം 8 നിലക്കെട്ടിടത്തിന്റെ ഉയരത്തിൽ വരെ വെള്ളവും ചെളിയും തടികളും പാറക്കല്ലുകളും ഒഴുകിയെത്തി. പ്രഭവകേന്ദ്രത്തിനു താഴെയുള്ള മരങ്ങളിൽ ഇതു കെട്ടിനിന്നതിന്റെ അടയാളങ്ങൾ അവശേഷിച്ചിട്ടുണ്ട്. പരമാവധി ഒന്നര കിലോമീറ്റർ ദൂരം ഒഴുകിയെത്തി ശക്തി കുറഞ്ഞ് അവസാനിക്കേണ്ട ഉരുൾപൊട്ടലിന്റെ പ്രഹരശേഷി ഡാമിങ് ഇഫക്ട് മൂലം 7 കിലോമീറ്ററിലധികം വ്യാപിച്ചു.

അതിശക്തമായ മഴയാണ് കഴിഞ്ഞ 29, 30 തീയതികളിൽ പ്രദേശത്തുണ്ടായത്. ചെറിയ പ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത അതിതീവ്രമഴയാണ് ഉരുൾപൊട്ടലിനു കാരണമായതെന്നും ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നു. 2020 ൽ ഉരുൾപൊട്ടിയ പുഞ്ചിരിമട്ടത്തെ പ്രദേശത്തോടു ചേർന്നാണ് ഇപ്പോൾ പൊട്ടിയത്. ഇവിടെ 50 വർഷത്തേക്കു മറ്റൊരു ഉരുൾപൊട്ടലിനു സാധ്യത കുറവാണ്. സംഘം ഇന്നും പരിശോധന തുടരും.

English Summary:

Landslides are caused by damming effect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com