ADVERTISEMENT

കോട്ടയം ∙ ഹൃദയത്തിനുള്ളിലെ വലിയ ട്യൂമർ അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് മെഡിക്കൽ കോളജ് ചരിത്രമെഴുതി. തൊറാസിക് സർജനും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പാലക്കാട് മണ്ണാർക്കാട് മുണ്ടംപോക്കിൽ എൻ.പി.ഷംനയ്ക്കാണ് (30) ശസ്ത്രക്രിയ ചെയ്തത്.

ഇവരുടെ ഹൃദയത്തിനുള്ളിൽ ഇടതു വെൻട്രിക്കിളിൽ 17 സെന്റിമീറ്റർ നീളവും 13 സെന്റിമീറ്റർ വീതിയുമുള്ള അര കിലോഗ്രാമിലധികം ഭാരം വരുന്ന ട്യൂമറാണ് ഉണ്ടായിരുന്നത്. 2 മാസം മുൻപു നെഞ്ചിനു വേദന അനുഭവപ്പെട്ടതോടെ പരിശോധന നടത്തി. ട്യൂമർ അപകടകരമായ നിലയിലാണെന്നും ജീവൻ അപകടത്തിലാണെന്നും പല ആശുപത്രികളിലെയും ഡോക്ടർമാർ ഒരേപോലെ പറഞ്ഞെങ്കിലും അവരാരും ശസ്ത്രക്രിയ ചെയ്യാൻ തയാറായില്ലെന്നു ഷംനയുടെ ബന്ധുക്കൾ പറഞ്ഞു. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്.

ഷംനയുടെ ബന്ധുവായ പട്ടാമ്പി സ്വദേശി ജാസ്മിൻ മുഹമ്മദാലിക്ക് (52) ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് 2 വർഷം മുൻപ് നടത്തിയത്. അന്നും ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

6 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ഷംനയുടെ ഹൃദയത്തിലെ ട്യൂമർ പൂർണമായി നീക്കി. ആരോഗ്യനില വീണ്ടെടുത്ത ഷംന ഇന്നലെ ആശുപത്രി വിട്ടു. ഡോ. ടി.കെ.ജയകുമാറിനോടൊപ്പം ഡോ. നിധീഷ്, ഡോ. മഞ്ജുഷ, ഡോ. ആദി കിഷോർ എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ടീം അംഗങ്ങളെ മന്ത്രിമാരായ വീണാ ജോർജും വി.എൻ.വാസവനും അഭിനന്ദനമറിയിച്ചു.

English Summary:

Complex heart surgery successfully done by Kottayam Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com