ADVERTISEMENT

തൊടുപുഴ ∙ ‘ഞൊടിയിടയിലാണ് എല്ലാം സംഭവിച്ചത്. വെള്ളക്കെട്ടിനു നടുവിൽ എത്തിയപ്പോൾ വാഹനം നിന്നു. പിന്നീട് കാർ പതിയെ ഒഴുകിനീങ്ങാൻ തുടങ്ങി. നിമിഷനേരത്തിനുള്ളിൽ പുഴയിലേക്ക് കാർ പതിച്ചു...’ വണ്ണപ്പുറം മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ഫാ. ജേക്കബ് വട്ടപ്പിള്ളി ഞെട്ടലിൽനിന്നു പൂർണമായി മുക്തനായിട്ടില്ല. വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ അദ്ദേഹത്തിന്റെ കാർ ഒഴുകി സമീപത്തെ പുഴയിലേക്ക് പതിക്കുകയായിരുന്നു. മുൻവശത്തെ വാതിലുകൾ തുറക്കാൻ സാധിക്കാത്ത സ്ഥിതിയിലും അദ്ഭുതകരമായി രക്ഷപ്പെട്ട സംഭവം ഫാ. ജേക്കബ് വട്ടപ്പിള്ളി വിവരിക്കുന്നു. 

‘മൂന്നു മാസം മുൻപാണ് മുള്ളരിങ്ങാട് പള്ളിയുടെ വികാരിയായി ചാർജെടുക്കുന്നത്. അതിനുശേഷം പതിവായി പോകുന്ന വഴി. വെള്ളിയാഴ്ച കാളിയാറിലെ സ്വന്തം വീട്ടിൽ പോയി മടങ്ങിവരികയായിരുന്നു. വൈകിട്ട് 4 മുതൽ പ്രദേശത്ത് ശക്തമായ മഴയുണ്ട്. എന്നാൽ വൈകിട്ട് 7 കഴിഞ്ഞ് മുള്ളരിങ്ങാട് ജംക്‌ഷന് സമീപം എത്തിയപ്പോൾ മഴയുടെ ശക്തി കുറഞ്ഞു. പള്ളിയിലേക്ക് 300 മീറ്ററോളം ദൂരം മാത്രം ബാക്കിയുള്ളിടത്തായിരുന്നു വെള്ളക്കെട്ട്. കൂടുതൽ വെള്ളം ഉണ്ടാവില്ലെന്നാണു കരുതിയത്. എന്നാൽ കണക്കുകൂട്ടൽ തെറ്റിയെന്ന് പാതി എത്തിയപ്പോൾ മനസ്സിലായി. പിന്നിലേക്ക് വാഹനം എടുക്കാൻ ശ്രമിച്ചപ്പോൾ വാഹനം നിന്നു. പിന്നെ ഓണായില്ല. ടയർ മൂടി വെള്ളം പൊങ്ങിയതോടെ വാഹനം പതിയെ ഉയർന്നു. ഒഴുക്കിന്റെ ശക്തിയിൽ കാർ പുഴയിലേക്ക് പതിച്ചു.

വെള്ളിയാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഫാ. ജേക്കബ് വട്ടപ്പിള്ളിയുടെ കാർ ഒഴുക്കിൽപെട്ട സ്ഥലം. കാർ വന്ന വഴിയാണ് ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. മഞ്ഞ വൃത്തത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ കാറിൽ വെള്ളം കയറി ഓഫ് ആയി നിൽക്കുന്നു. തുടർന്ന് കാർ പുഴയിലേക്ക് ഒഴുകിപ്പോയ വഴി കറുത്ത നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
വെള്ളിയാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഫാ. ജേക്കബ് വട്ടപ്പിള്ളിയുടെ കാർ ഒഴുക്കിൽപെട്ട സ്ഥലം. കാർ വന്ന വഴിയാണ് ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. മഞ്ഞ വൃത്തത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ കാറിൽ വെള്ളം കയറി ഓഫ് ആയി നിൽക്കുന്നു. തുടർന്ന് കാർ പുഴയിലേക്ക് ഒഴുകിപ്പോയ വഴി കറുത്ത നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

കാറിനുള്ളിലേക്ക് വെള്ളം വേഗം കയറിത്തുടങ്ങി. മുൻവശത്തെ ഡോർ രണ്ടും തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നിലേക്ക് വലിഞ്ഞുനീങ്ങി വാതിൽ തുറന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. നീന്തി സമീപത്തെ മരച്ചില്ലയിൽ പിടിച്ചുകിടന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ വലിച്ചു കരയിലേക്ക് കയറ്റുകയായിരുന്നു. കാറിൽ നിന്നു ചാടിയതിനു പിന്നാലെ കാറിന്റെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങി. 300 മീറ്ററോളം അകലെ ഇന്നലെ രാവിലെയാണ് കാർ കണ്ടെത്തിയത്. കാർ പൂർണമായി നശിച്ചു’.– അദ്ദേഹം പറഞ്ഞു. കാർ ഇന്നലെ രാവിലെ നാട്ടുകാർ ചേർന്ന് കരയ്ക്കെത്തിച്ചു. 

English Summary:

Fr Vattappallil Jacob about miraculous escape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com