വയനാട് പുനരധിവാസ പാക്കേജ്: വിദഗ്ധ സമിതി റിപ്പോർട്ട് അഞ്ചു ദിവസത്തിനകം
Mail This Article
തിരുവനന്തപുരം∙ വയനാട് ഉരുൾപൊട്ടൽബാധിതരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിനു മുന്നോടിയായി ഉരുൾപൊട്ടൽ ബാധിത, സാധ്യതാ പ്രദേശങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു നിശ്ചയിക്കുക. സർക്കാർ ഉദ്ദേശിക്കുന്ന പുനരധിവാസ പാക്കേജിൽ ഉരുൾപൊട്ടലിന് ഇരകളായവരെ മാത്രമല്ല, ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ താമസിക്കുന്നവർ കൂടി ഉൾപ്പെടുമെന്നാണു വിവരം. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നു തീരദേശവാസികളെ മാറ്റിപ്പാർപ്പിച്ചതിനു സമാനമായ ആലോചനയാണു വയനാട്ടിലും സർക്കാർ നടത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനൊപ്പം കൃഷി ചെയ്യാനുള്ള അനുവാദവും നൽകും.
അനുയോജ്യമായ സ്ഥല ലഭ്യതയ്ക്ക് അനുസൃതമായി ഒന്നിലധികം ടൗൺഷിപ്പുകളാണു സർക്കാർ ഉദ്ദേശിക്കുന്നത്. പത്തോളം പ്രദേശങ്ങൾ പരിഗണിക്കുന്നുണ്ട്. അവിടങ്ങളിലും വിദഗ്ധസമിതി ഭൂമിശാസ്ത്ര പഠനം നടത്തിയശേഷമാകും തീരുമാനത്തിലെത്തുക. വീടുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തവരുമായി ആശയവിനിമയം നടത്തി വീടുനിർമാണ പദ്ധതിയും തയാറാക്കണം. ടൗൺഷിപ് നിർമിക്കാൻ ഉദ്ദേശിക്കുന്നത് എവിടെയെന്നും എന്തെല്ലാം സൗകര്യങ്ങളുണ്ടാകുമെന്നും ദുരിതബാധിതരെ ബോധ്യപ്പെടുത്തും. അവരുടെ അഭിപ്രായത്തിനാകും മുൻതൂക്കം.
അതേസമയം, ആരെങ്കിലും ടൗൺഷിപ്പിനു പുറത്തു ബന്ധുവീടുകൾക്കു സമീപമോ മറ്റോ താമസിക്കാൻ താൽപര്യപ്പെടുന്ന സാഹചര്യവും ഉണ്ടായേക്കാം. കഴിഞ്ഞ പ്രളയത്തിൽ ഉൾപ്പെടെ, പ്രകൃതിദുരന്തങ്ങളിൽ വീട് നഷ്ടപ്പെടുകയും ഭൂമി വാസയോഗ്യമല്ലാതാവുകയും ചെയ്ത ഘട്ടങ്ങളിൽ സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും വീട് നിർമിക്കാൻ നാലു ലക്ഷം രൂപയുമാണു സർക്കാർ നൽകിയത്. ഈ മാതൃക ആരെങ്കിലും ആവശ്യപ്പെട്ടാൽ അതും പരിഗണിക്കേണ്ടിവരും. കൃഷിയിൽനിന്ന് ഉപജീവനം കണ്ടെത്തുന്നവരാണ് എന്നതും നാശത്തിന്റെ വ്യാപ്തിയും കണക്കിലെടുത്ത് തുക വർധിപ്പിക്കാനും ഇടയുണ്ട്. എന്നാൽ ടൗൺഷിപ്പിനു തന്നെയാണ് സർക്കാർ മുൻഗണന നൽകുന്നത്. ഉരുൾപൊട്ടലിന്റെ ഞെട്ടലിൽനിന്ന് ആരും മോചിതരായിട്ടില്ലെന്നതിനാൽ അവർക്ക് ആലോചിച്ചു തീരുമാനമെടുക്കാനുള്ള സമയം നൽകിയശേഷം മാത്രമേ സർക്കാർ സ്ഥിരം പുനരധിവാസ പ്രവർത്തനത്തിലേക്കു കടക്കുകയുള്ളൂ.
ആരുമില്ലാത്തവരായി മാറിയ 21 പേരുണ്ട്. 5 പുരുഷൻമാർ, 10 സ്ത്രീകൾ, 18 വയസ്സിനു താഴെയുള്ള 6 പേർ. ഇവരുടെ പുനരധിവാസം പാക്കേജിൽ പ്രത്യേകമായി ഇടംപിടിച്ചേക്കും.
∙ ‘‘ കൃത്യമായ കണക്കുകൾ ലഭിച്ച്, സ്ഥലവും നിശ്ചയിച്ച ശേഷം പുനരധിവാസ പ്രവർത്തനം ആരംഭിക്കും. തൽക്കാലം തീയതി പറയാൻ കഴിയില്ല. ഏറ്റവും വേഗത്തിൽ ഭൂമിയുടെ അന്വേഷണവും പഠനവും നടക്കുന്നുണ്ട്. വീട് നഷ്ടപ്പെടാത്തവർ അവിടെത്തന്നെ തുടരണോ എന്ന് ആലോചിക്കേണ്ടിവരും.’’ - മന്ത്രി കെ.രാജൻ