ശൈലജയെ തോൽപ്പിച്ചത് ‘പോരാളി’മാർ?: ജയരാജന്റെ തോൽവിക്ക് ‘പ്രതികാരം’ ചെയ്തെന്ന പ്രചാരണം സജീവം
Mail This Article
കണ്ണൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിക്കു സമൂഹമാധ്യമങ്ങളിലെ ‘പോരാളി’മാരുടെ ഇടപെടലും കാരണമായെന്ന സിപിഎം വിലയിരുത്തൽ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ വടകരയിൽ തോറ്റതിന്റെ പശ്ചാത്തലത്തിലെന്നു വ്യക്തമാകുന്നു. ശൈലജയുടെ തോൽവിക്കായി സമൂഹമാധ്യമങ്ങളിലെ ഇടതു പ്രൊഫൈലുകൾ ശ്രമിച്ചുവെന്ന വിവരം സിപിഎമ്മിനു നേരത്തേ കിട്ടിയിരുന്നുവെന്നാണു മനസ്സിലാകുന്നത്.
-
Also Read
എംപോക്സ്: കേരളത്തിലും ജാഗ്രത
ഇടതുപക്ഷമെന്നു തോന്നിക്കുന്ന പ്രൊഫൈലുകളിൽ വന്ന ചില പോസ്റ്റുകൾ എൽഡിഎഫിന്റെ തോൽവിക്കു കാരണമായതായി ജൂൺ 13നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞിരുന്നു. ഇടതു ഗ്രൂപ്പുകളിൽ യുഡിഎഫ് നുഴഞ്ഞുകയറിയെന്ന സംശയത്തോടെയായിരുന്നു ജയരാജന്റെ പ്രതികരണമെങ്കിലും പൊലീസ് അന്വേഷണം ഇടതു ഗ്രൂപ്പുകളിൽ കേന്ദ്രീകരിച്ചതോടെ അരുതാത്തതു പലതും നടന്നുവെന്ന സംശയത്തിലാണ് അണികൾ.
ശൈലജയ്ക്കെതിരെ ‘കാഫിർ’ പോസ്റ്റ് പ്രചരിപ്പിച്ചതിനു പിന്നിൽ ഇടതു സൈബർ ഗ്രൂപ്പിനു പങ്കുണ്ടെന്ന അന്വേഷണ റിപ്പോർട്ടാണു പൊലീസ് കോടതിയിൽ നൽകിയിരിക്കുന്നത്. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഗ്രൂപ്പുകളുടെ പേരും പരാമർശിക്കപ്പെട്ടു. പി.ജയരാജൻ തോറ്റ വടകരയിൽ കെ.കെ.ശൈലജ ജയിക്കരുതെന്ന മനോഭാവം ഈ ഗ്രൂപ്പുകൾക്ക് ഉണ്ടായിരുന്നോ എന്ന സംശയമാണ് അണികൾക്കുള്ളത്.
ഈയിടെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്നു പുറത്തുപോയ മനു തോമസിന്റെ ഒളിയമ്പും ഈ സംശയം ബലപ്പെടുത്തുന്നു.
‘‘പെങ്ങളു ജയിക്കാ പോരതിലൊന്നിൽ
ഈ ആങ്ങള വീണോരങ്കത്തട്ടിൽ
ഉണ്ണിയാർച്ചയെ തോൽപിക്കാനായൊരു
പൂഴിക്കടകൻ ഇറക്കിയതല്ലോ..’’
എന്ന വരികളാണു ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ടെന്നു പറഞ്ഞ് മനു തോമസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘വടക്കൻപാട്ടിൽ ചതിയുടെ പുതിയൊരു കഥകൂടി പാണന്മാർ ഇനി പാടി നടക്കു’മെന്നും ‘കാഫിർ’ പ്രയോഗം ഉദ്ധരിച്ച് മനു തോമസ് പറയുന്നുണ്ട്. വടകരയിൽ പി.ജയരാജന്റെയും സഹോദരി പി. സതീദേവിയുടെയും പഴയ തോൽവികളിൽ ‘പ്രതികാരം’ ചെയ്തുവെന്ന വിമർശനമാണ് ഇതെന്ന പ്രചാരണം സജീവമാണ്.
പി.ജയരാജൻ സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ ഉയർന്നുവന്ന ഫെയ്സ്ബുക് കൂട്ടായ്മകളിൽ ഒന്നാണ് ‘അമ്പാടിമുക്ക് സഖാക്കൾ’. ജയരാജനെ അർജുനനായി ചിത്രീകരിച്ചു കൂറ്റൻ ഫ്ലെക്സ് സ്ഥാപിച്ച് ഈ ഗ്രൂപ്പ് നേരത്തേ വിവാദത്തിലായിരുന്നു. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിൽ ഈ ഗ്രൂപ്പിനും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ ഗ്രൂപ്പ് ഇപ്പോൾ അപ്രത്യക്ഷമായി.