ADVERTISEMENT

തിരുവനന്തപുരം ∙ പകർച്ചവ്യാധിയായ എംപോക്സ് 116 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളവും ജാഗ്രതയിൽ. ഇന്ത്യയിൽ ആദ്യമായി, 2022 ജൂലൈ 14നു കേരളത്തിലും എംപോക്സ് റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുള്ള പുരുഷനാണു രോഗലക്ഷണം കണ്ടെത്തിയത്. ഇദ്ദേഹം രോഗമുക്തനായെങ്കിലും സംസ്ഥാനത്ത് രോഗം വീണ്ടും കണ്ടെത്താനുള്ള സാധ്യത ഒഴിവാകുന്നില്ല. ഒട്ടേറെ രാജ്യാന്തര യാത്രക്കാർ എത്തുന്നതാണു കാരണം. യാത്ര ചെയ്യുന്നവരും അവരുമായി സമ്പർക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

മുൻപ് കെനിയയിൽ കണ്ടെത്തിയ എംപോക്സിന്റെ ക്ലേഡ് 2 ബി വകഭേദം ഭീതി വിതച്ചിരുന്നു. അതിനെക്കാൾ തീവ്രവും വ്യാപനശേഷിയുള്ളതുമാണു നിലവിൽ പടരുന്ന ക്ലേഡ് 1 വകഭേദം. ഇതിനകം ഒരു ലക്ഷത്തോളം പേർക്കാണു രോഗം ബാധിച്ചത്.

രോഗം ആദ്യം റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക ബന്ധം, ശാരീരികമായ അടുപ്പം എന്നിവയിലൂടെയാണു പുതിയ വകഭേദം പകരുന്നത്. വായുവിലൂടെ രോഗം പകരുമെന്ന വാദം ഉണ്ടെങ്കിലും അതെക്കുറിച്ചു വ്യത്യസ്ത അഭിപ്രായം ഉണ്ട്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ 2023 സെപ്റ്റംബറിലാണു മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു രോഗം പടർന്നതായി കണ്ടെത്തിയത്. കോവിഡ് പോലെ മഹാമാരിയായി മാറാൻ സാധ്യതയില്ലെന്ന് ആരോഗ്യ ഗവേഷകർ വ്യക്തമാക്കി. 1970 ൽ കോംഗോയിലാണ് എംപോക്സ് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. അവിടെ മാത്രം കഴിഞ്ഞവർഷം അറുനൂറോളം പേർ മരിച്ചു.

∙ ലക്ഷണങ്ങൾ:

പനി, ശരീരമാകെ തടിച്ച പാടുകൾ, പേശീവേദന. 20 ദിവസത്തിനകം രോഗം ശമിക്കും. ഇതര രോഗങ്ങൾ ഉള്ളവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരിൽ വൈറസ് മാരകമായേക്കാം. ചർമത്തിലെ അണുബാധ, കാഴ്ചക്കുറവ്, ന്യുമോണിയ എന്നിവയ്ക്കും എംപോക്സ് കാരണമാകാറുണ്ട്.

∙ പ്രതിരോധം:

വസൂരി വാക്സീൻ എംപോക്സിനെ പ്രതിരോധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. 1970 കളിൽ വസൂരി വാക്സിനേഷൻ നിർത്തലാക്കിയിരുന്നു. അക്കാലത്ത് വാക്സീൻ എടുത്തവർക്കു മാത്രമേ രോഗം പ്രതിരോധിക്കാനുള്ള ശേഷിയുള്ളൂ. രോഗം പടരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ വസൂരി വാക്സീൻ നൽകി രോഗത്തെ ചെറുക്കാനാണു ലോകാരോഗ്യ സംഘടനയുടെ ശ്രമം.

ആരോഗ്യമന്ത്രാലയം അവലോകനം നടത്തി 

ന്യൂഡൽഹി ∙ പല രാജ്യങ്ങളിലും മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ അവലോകന യോഗം നടത്തി. ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതുതായി മങ്കിപോക്സ് കേസുകൾ രാജ്യത്ത് ഇല്ലെന്ന് സ്ഥിരീകരിച്ചു. വിമാനത്താവളങ്ങളിൽ ജാഗ്രത തുടരാനും ആശുപത്രികളും ലാബുകളും സജ്ജമാക്കാനും തീരുമാനിച്ചു. 

2022 മുതൽ ഇതുവരെ ഇന്ത്യയിൽ ആകെ 30 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

English Summary:

Kerala is also on alert as Mpox disease reported in other countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com