ജെസ്ന 102ാം നമ്പർ മുറിയിൽ എത്തിയോ?; നേരറിയാൻ വീണ്ടും സിബിഐ
Mail This Article
മുണ്ടക്കയം ടൗണിന്റെ ഹൃദയഭാഗത്തു പ്രവർത്തിക്കുന്ന ലോഡ്ജ്. വ്യാപാരസ്ഥാപനങ്ങൾ ഇരുവശവും നിറഞ്ഞ ചെറിയ ഇടനാഴി കടന്നാലാണ് ഈ സ്ഥാപനം. ഇവിടെ നിന്നു പടികയറി രണ്ടാം നിലയിലെ 102–ാം നമ്പർ മുറിയിലെത്താം. മുറിക്കു പുറത്ത് ജെസ്നയോടു രൂപസാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടുവെന്നാണ് കഴിഞ്ഞ ദിവസം ലോഡ്ജിലെ മുൻ ജീവനക്കാരി വെളിപ്പെടുത്തിയത്. പെൺകുട്ടി ചിരിച്ചപ്പോൾ പല്ലുകളിൽ കമ്പി ഇട്ടിരുന്നതു വ്യക്തമായി കണ്ടെന്നും പിന്നീട് പത്രത്തിൽ ജെസ്നയുടെ ഫോട്ടോ കണ്ടപ്പോഴാണ് രണ്ടും ഒരാളാണെന്നു തിരിച്ചറിഞ്ഞതെന്നുമായിരുന്നു മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ.
എന്നാൽ ലോഡ്ജിലെ ജോലിയിൽ നിന്ന് ഈ ജീവനക്കാരിയെ പിരിച്ചുവിട്ടതിലെ പക തീർക്കാൻ നുണപ്രചാരണം നടത്തുകയാണെന്നു ലോഡ്ജ് ഉടമ പറയുന്നു. ക്രൈംബ്രാഞ്ചിനോട് നേരത്തേ പറഞ്ഞിരുന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്തിയതിനു പിന്നിൽ ലോഡ്ജ് ഉടമയുമായുള്ള വ്യക്തിവൈരാഗ്യം മാത്രമോ? അതോ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും പരിശോധിക്കുന്നു.
നേരറിയാൻ വീണ്ടും സിബിഐ
മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ സത്യമാണോ, ആണെങ്കിൽ ഇവിടെയെത്തിയ ജെസ്ന പിന്നീട് എവിടേക്കു പോയി തുടങ്ങിയ കാര്യങ്ങളായിരിക്കും സിബിഐ സംഘം അന്വേഷിക്കുക. ജീവനക്കാരിയെയും ലോഡ്ജ് ഉടമയെയും സിബിഐ സംഘം ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
മൂന്നു വർഷം മുൻപ് ഇതേ വെളിപ്പെടുത്തൽ ജെസ്ന കേസിൽ അന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തോടും ലോഡ്ജിലെ മുൻ ജീവനക്കാരി നടത്തിയിരുന്നു. അന്ന് ക്രൈംബ്രാഞ്ച് സംഘം ലോഡ്ജിൽ എത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ലോഡ്ജിലും പരിസരങ്ങളിലും 2018ൽ സിസിടിവി ക്യാമറകൾ കുറവായിരുന്നു. അതിനാൽ അന്വേഷണത്തിനു സഹായകമായ സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചതുമില്ല.
കാഞ്ഞിരപ്പള്ളിയിലെ കോളജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജെസ്നയെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടിൽ നിന്ന് 2018 മാർച്ച് 22നാണു കാണാതായത്. എരുമേലിയിൽ നിന്നു മുണ്ടക്കയം ബസിൽ കയറിയതായി പൊലീസ് കണ്ടെത്തി. അവിടെ നിന്ന് ആരംഭിച്ച അന്വേഷണം ഉൗഹാപോഹങ്ങളും വെളിപ്പെടുത്തലുകളും ആശങ്കകളും ഒക്കെയായി ആറ് വർഷം പിന്നിടുകയാണ്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അതുകഴിഞ്ഞു സിബിഐയും അന്വേഷിച്ച കേസാണ് വീണ്ടും ചർച്ചയാകുന്നത്.