ADVERTISEMENT

കോട്ടയം ∙ മുണ്ടക്കയത്തുള്ള ബന്ധുവീട്ടിലേക്കു പോയ ജെസ്‌ന തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് ജയിംസ് നൽകിയ പരാതിയിലാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. ജെസ്‌ന പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും വെച്ചൂച്ചിറ പൊലീസ് അന്വേഷിച്ചു. ആകെയുള്ള പിടിവള്ളി സിസിടിവി ദൃശ്യങ്ങളായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ മുണ്ടക്കയത്തേക്കുള്ള ബസിൽ ജെസ്ന ഇരിക്കുന്നതായി സിസിടിവിയിൽ കണ്ടിരുന്നു. എന്നാൽ, അതു സ്ഥിരീകരിക്കാൻ പൊലീസിനു കഴിഞ്ഞില്ല. 

വെച്ചൂച്ചിറ പൊലീസിനു ശേഷം പെരുനാട് പൊലീസും കേസ് അന്വേഷിച്ചു തുമ്പില്ലാതെ മടക്കി. പിന്നീട് തിരുവല്ല ഡിവൈഎസ്പിക്കായി അന്വേഷണച്ചുമതല. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ലോക്കൽ പൊലീസിന്റെ കണ്ടെത്തലിൽ കൂടുതലൊന്നും ക്രൈംബ്രാഞ്ചിനും ലഭിച്ചിട്ടില്ല. ഹൈക്കോടതി നിർദേശത്തെത്തുടർന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തു. 

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടെ അന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി.സൈമൺ, ജെസ്നയുടെ വെച്ചൂച്ചിറയിലെ വീട്ടിൽ സന്ദർശനം നടത്തി ‘പോസിറ്റീവ്’ വാർത്തയ്ക്ക് അധികം കാത്തിരിക്കേണ്ടി വരില്ലെന്ന സൂചന നൽകി. ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന ടോമിൻ തച്ചങ്കരിയും ജെസ്നയെക്കുറിച്ചു വ്യക്തമായ വിവരങ്ങൾ കിട്ടിയെന്ന സൂചന നൽകിയിരുന്നു. 

ജെസ്നയെ കണ്ടെന്ന അവകാശവുമായി വിവിധയിടങ്ങളിൽനിന്ന് ഫോൺ കോളുകളെത്തി. എന്നാൽ, അതൊന്നും അന്വേഷണത്തിനു ഗുണകരമായില്ല. ജെസ്നയെക്കുറിച്ചു വിവരം നൽകാൻ പൊലീസ് പൊതുസ്ഥലങ്ങളിൽ പെട്ടികൾ സ്ഥാപിച്ചിരുന്നു. ഇതിലെ സൂചനകൾ തേടിപ്പോയ പൊലീസ് നൂറുകണക്കിനാളുകളെ ചോദ്യം ചെയ്തു. പതിനായിരക്കണക്കിനു ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ചെറുതുമ്പു പോലും പക്ഷേ ലഭിച്ചില്ല.

English Summary:

Jesna missing case under CBI investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com