സാഹോദര്യത്തിൽ സഭ മുന്നേറണം: മാർ റാഫേൽ തട്ടിൽ
Mail This Article
കൊച്ചി ∙ സാഹോദര്യത്തിലും കൂട്ടായ്മയിലുമാണു സഭ മുന്നേറേണ്ടതെന്നു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു. സഭാ സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, മേപ്പാടി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പുനരധിവാസത്തിനും സിറോ മലബാർ സഭ കൂടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽ മരിച്ചവർക്കു യോഗം ആദരാഞ്ജലിയർപ്പിച്ചു. മാർ ജോസ് പുളിക്കലിന്റെ ധ്യാന ചിന്തകളോടെ ആരംഭിച്ച സിനഡ് യോഗത്തിൽ എല്ലാ ബിഷപ്പുമാരും ചേർന്നു കുർബാനയർപ്പിച്ചു. മെത്രാഭിഷേക രജത ജൂബിലി ആഘോഷിക്കുന്ന മാർ ലോറൻസ് മുക്കുഴിയെ അനുമോദിച്ചു. ജൂബിലി ആഘോഷിക്കുന്ന ബെൽത്തങ്ങാടി രൂപതയ്ക്കും ആശംസകൾ നേർന്നു.
സഭയുടെ മേജർ സെമിനാരികളുടെ റെക്ടർമാരുമായും വിവിധ കമ്മിഷനുകളുടെ സെക്രട്ടറിമാരുമായും സിനഡ് അംഗങ്ങൾ കൂടിക്കാഴ്ച്ച നടത്തും. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് സിനഡ് ചർച്ചകൾ ആരംഭിച്ചു. 31 നു സിനഡ് സമാപിക്കും.