ADVERTISEMENT

തിരുവല്ല ∙ സിപിഎം തിരുവല്ല ഏരിയ ഘടകത്തിൽ വീണ്ടും പൊട്ടിത്തെറി. സംസ്ഥാന ഘടക തീരുമാനത്തോടുള്ള ജില്ലാ കമ്മിറ്റിയുടെ അതൃപ്തി മറനീക്കി പുറത്തുവന്നു. സിപിഎം തിരുവല്ല ഏരിയ സെക്രട്ടറിയെ നീക്കിയ സംസ്ഥാന സെക്രട്ടറിക്കു, തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറിയെ നീക്കിയാണ് ജില്ലാ കമ്മിറ്റിയുടെ മറുപടി. സിപിഎം ജില്ലാ നേതൃത്വത്തിന് എതിർപ്പുള്ള പ്രാദേശിക നേതാക്കളോടുള്ള പ്രതികാര നടപടിയായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

മുൻ ഏരിയ സെക്രട്ടറി ആയിരുന്ന ഫ്രാൻസിസ് വി.ആന്റണിയെ നീക്കിയ തീരുമാനം റിപ്പോർട്ട് ചെയ്യാനായി വിളിച്ചു ചേർത്ത ഏരിയ യോഗത്തിലാണ് ഏരിയ കമ്മിറ്റി അംഗത്തെയും ലോക്കൽ സെക്രട്ടറിയെയും തരംതാഴ്ത്തിയത്. ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെ (കൊച്ചു പ്രകാശ് ബാബു) ബ്രാഞ്ച് കമ്മിറ്റിയിലേക്കും ലോക്കൽ സെക്രട്ടറി കെ.കെ കൊച്ചുമോനെ ലോക്കൽ കമ്മിറ്റി അംഗമായുമാണ് തരംതാഴ്ത്തിയത്. പീഡനക്കേസിൽ ആരോപണവിധേയനായ വി.പി.സജിമോനെ പാർട്ടി ലോക്കൽ കമ്മിറ്റിയിലേക്കു തിരിച്ചെടുത്തതിനെതിരെ കൊച്ചുമോൻ‍ സംസ്ഥാന നേതൃത്വത്തിനു പരാതി നൽകിയിരുന്നു.

തരംതാഴ്ത്തൽ നടപടിക്കെതിരെ പാർട്ടി കീഴ്ഘടകങ്ങളിൽ അമർഷം ശക്തമാണ്.

കഴിഞ്ഞ ആഴ്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് തിരുവല്ല ഏരിയ സെക്രട്ടറിയെ നീക്കാൻ തീരുമാനമായത്. സ്ഥാനത്തു നിന്നു നീക്കം ചെയ്തതിന് പിന്നാലെ ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബു, തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ.കൊച്ചുമോൻ എന്നിവരെ സ്ഥാനത്തുനിന്ന് നീക്കി. ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം.

ദേവസ്വം ബോർഡിലേക്കു ജോലി വാഗ്ദാനം ചെയ്തു പാർട്ടി അംഗത്തിന്റെ മകനിൽ നിന്നടക്കം പണം തട്ടിയ സംഭവത്തിൽ പരാതിക്കാർ ജില്ലാ കമ്മിറ്റിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രകാശ് ബാബുവിനെതിരായ നടപടിയെന്നാണു സൂചന.

ഫ്രാൻസിസ് വി.ആന്റണി അടക്കമുള്ള ചില നേതാക്കൾക്ക് എതിരെ വ്യാജ പരാതി നൽകി എന്നതിന്റെ അടിസ്ഥാനത്തിലാണ് കെ.കെ.കൊച്ചുമോനെ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്.

ലോക്കൽ സെക്രട്ടറി നൽകിയ പരാതി വ്യാജമാണെന്ന് ജില്ലാ നേതൃത്വം വിലയിരുത്തുമ്പോഴും സംസ്ഥാന സെക്രട്ടറി പങ്കെടുത്ത യോഗത്തിലാണ് ഏരിയ സെക്രട്ടറിക്കെതിരെ നടപടിയുണ്ടായത്. ഇക്കാര്യത്തിലെ ജില്ലാ കമ്മിറ്റിയുടെ വാദങ്ങൾ സംസ്ഥാന സെക്രട്ടറി പോലും മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണു കഴിഞ്ഞ ആഴ്ചയിലെ നടപടിയിലൂടെ തെളിഞ്ഞത്.

English Summary:

CPM Tiruvalla Area Committee demoted kochumon who gave complaint against VP sajimon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com