കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ വനിതാ നഴ്സിങ് ഓഫിസർക്ക് രോഗിയുടെ മർദനം
Mail This Article
കോഴിക്കോട് ∙ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയുടെ മർദനമേറ്റ് വനിതാ നഴ്സിങ് ഓഫിസർക്കു പരുക്ക്. ശനിയാഴ്ച രാത്രി ഏഴാംവാർഡിലായിരുന്നു സംഭവം. വാർഡിലുള്ള മറ്റുള്ളവരെ രോഗി ബുദ്ധിമുട്ടിക്കുന്നതറിഞ്ഞ സുരക്ഷാ ജീവനക്കാരനും പൊലീസുകാരനും വാർഡിലെത്തുകയും പുരുഷ നഴ്സിങ് ഓഫിസർ രോഗിക്കു കുത്തിവയ്പ് നൽകുകയും ചെയ്തിരുന്നു.
ഇതോടെ പ്രകോപിതനായ രോഗി വനിതാ നഴ്സിങ് ഓഫിസറെ ആക്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെ തള്ളിമാറ്റി നഴ്സിനെ ശക്തിയായി പിടിച്ചുതള്ളി. തറയിൽ വീണ നഴ്സിന്റെ ഇടതു കയ്യുടെ എല്ലു പൊട്ടിയിട്ടുണ്ട്. ഇടതു കണ്ണിനു മുകളിലും മുറിവേറ്റു. പരുക്കേറ്റ നഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കു നെറ്റിയിൽ 4 തുന്നലിട്ടിട്ടുണ്ട്.
നേരത്തെയും ഇവിടെ ചികിത്സയിലായിരുന്ന രോഗിയെ ആക്രമണ സ്വഭാവം കാരണം രണ്ടാം വാർഡിലേക്കു മാറ്റിയിരുന്നു. എന്നാൽ രോഗിയുടെ മാതാവ് കലക്ടർക്കു പരാതി നൽകിയതിനെത്തുടർന്ന് ഇയാളെ 7–ാം വാർഡിലേക്കു തന്നെ മാറ്റി. ആക്രമണത്തെ തുടർന്നു രോഗിയെ വാർഡിലെ സെല്ലിലേക്കു മാറ്റിയിട്ടുണ്ട്.
7–ാം വാർഡിൽ മാത്രം 3 മാസത്തിനിടെ രോഗികളിൽ നിന്ന് 5 ജീവനക്കാർക്കാണ് മർദനമേറ്റത്. മുൻപ് ഒരു രോഗി പിടിച്ചു തള്ളിയതിനെ തുടർന്ന് നിലത്തുവീണ വനിതാ നഴ്സിങ് ഓഫിസർക്ക് വാരിയെല്ലിനു ക്ഷതമേറ്റിരുന്നു.