അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Mail This Article
തിരുവനന്തപുരം ∙ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മിത, ഇടത്തരം മഴ പ്രതീക്ഷിക്കുന്നതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മിന്നലോടുകൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ വെള്ളിയാഴ്ച വരെ മീൻപിടിക്കാൻ പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും വടക്കൻ തമിഴ്നാടിനും തെക്കൻ ആന്ധ്രപ്രദേശിനും മുകളിലായി 2 ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്. മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലദ്വീപ് വരെ 0.9 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത 4 ദിവസം വ്യാപകമായി മിന്നലോടു കൂടിയ മിത, ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.