മെഡിക്കൽ കോളജുകളിലെ സുരക്ഷ: കൂട്ടിരിപ്പുകാരുടെ എണ്ണത്തിൽ നിയന്ത്രണം ഉൾപ്പെടെ സമൂലമാറ്റം
Mail This Article
തിരുവനന്തപുരം ∙ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗവ.മെഡിക്കൽ കോളജ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ 2 പേരെയും വാർഡുകളിൽ ഒരാളെയും മാത്രം കൂട്ടിരിപ്പുകാരായി അനുവദിച്ചാൽ മതിയെന്നു തീരുമാനം. കൂട്ടിരിപ്പുകാരോ ജീവനക്കാരോ അല്ലാതെ, പാസ് ഇല്ലാത്ത ഒരാളും രാത്രി ആശുപത്രി വളപ്പിനുള്ളിൽ തങ്ങാൻ പാടില്ല. ആംബുലൻസുകളുടെ അനധികൃത പാർക്കിങ് നിരോധിക്കും. അനധികൃതമായി ക്യാംപസിനുള്ളിൽ തങ്ങുന്നവർക്കെതിരെ പൊലീസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കണം. മെഡിക്കൽ കോളജുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രി വീണാ ജോർജാണ് ഈ നിർദേശങ്ങൾ വച്ചത്.
രോഗികളുടെ വിവരങ്ങൾ ബന്ധുക്കളെ ബോധ്യപ്പെടുത്താൻ ബ്രീഫിങ് റൂം സജ്ജമാക്കിയിട്ടുണ്ടെന്നു സ്ഥാപനങ്ങളും ഉറപ്പാക്കണം. രോഗികളോട് ഡോക്ടർ വിവരങ്ങൾ വിശദീകരിക്കണം. ഓരോ സ്ഥാപനത്തിലും പ്രിൻസിപ്പൽ, സൂപ്രണ്ട്, വകുപ്പ് മേധാവികൾ എന്നിവർ ചേർന്ന് സ്പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. ഓരോ വിഭാഗത്തിനും ആവശ്യമായ സ്ഥലവും സൗകര്യങ്ങളുമാണ് ഇതിലൂടെ വിലയിരുത്തുന്നത്. സുരക്ഷാസംവിധാനം, അഗ്നിസുരക്ഷ, ഇലക്ട്രിക്കൽ, ലിഫ്റ്റ് എന്നിവയുടെ സേഫ്റ്റി ഓഡിറ്റ് നടത്തണം. ജീവനക്കാർക്ക് ഏകീകൃത നമ്പർ നൽകണം.
എല്ലാ മെഡിക്കൽ കോളജുകളും കോഡ് ഗ്രേ പ്രോട്ടോക്കോൾ നടപ്പിലാക്കണം. കലക്ടർ അധ്യക്ഷനായ കോഡ് ഗ്രേ സമിതിയിൽ പ്രിൻസിപ്പൽ, സൂപ്രണ്ട്, ആർഎംഒ, പിജി, ഹൗസ് സർജൻ പ്രതിനിധികൾ ഉണ്ടാകും. പബ്ലിക് അഡ്രസ് സിസ്റ്റം, വോക്കി ടോക്കി, അലാം എന്നിവ നിർബന്ധമായും സ്ഥാപിക്കണം. പ്രധാന ഇടങ്ങളിൽ സിസിടിവി ഉറപ്പാക്കണം. രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിങ് വ്യാപിപ്പിക്കും. ആശുപത്രിക്കുള്ളിൽ അനധികൃത കച്ചവടം അനുവദിക്കരുത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്കു മടങ്ങുന്ന വനിതാ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. തെരുവു വിളക്കുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.